'തീവണ്ടി'യിലെ 'ജീവാംശമായ്' എന്ന ഗാനത്തിന്റെ സംഗീതം നേരത്തെ ഒരു പരസ്യത്തിൽ ഉപയോഗിച്ചതാണെന്നു സംഗീത സംവിധായകൻ കൈലാസ് മേനോൻ. അഞ്ചു വർഷം മുൻപാണു ഒരു പരസ്യത്തിൽ ഇതേ സംഗീതം ഉപയോഗിച്ചത്. അന്ന് ഇതുചെയ്യുമ്പോൾ എന്നെങ്കിലും സിനിമയിൽ ഉപയോഗിക്കുമെന്നു തിരുമാനിച്ചിരുന്നതായും കൈലാസ് പറഞ്ഞു.
പരസ്യത്തിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് കൈലാസ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: 'സൂക്ഷിച്ചു നോക്കണ്ട ഉണ്ണീ...ഇത് ഞാൻ തന്നെയാണ്! 5 വർഷം മുമ്പ് ലുലുവിനു വേണ്ടി ചെയ്ത ഒരു മ്യൂസിക്. എവിടെയെങ്കിലും കേട്ടതായി തോന്നുന്നുണ്ടോ സൂർത്തുക്കളെ? അന്ന് ഇത് ചെയ്യുമ്പോൾ ഓർത്തിരുന്നു, എന്നെങ്കിലും ഒരു സിനിമയിൽ ഒരു പാട്ടായി ഈ ട്യൂൺ അവതരിപ്പിക്കണം എന്ന്.'
തീവണ്ടി തിയറ്ററുകളിലെത്തും മുൻപുതന്നെ ചിത്രത്തിലെ ജീവാംശമായ് എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ ഗാനത്തിനു നിരവധി കവർ വേർഷനുകളും ഇതിനോടകം പുറത്തുവന്നു. ഈ അവസരത്തിലാണു കൈലാസ് മേനോൻ ആ പഴയ രഹസ്യം വെളിപ്പെടുത്തിയത്.