പ്രിയപ്പെട്ട ഈണക്കാരന്‍ ബാലഭാസ്കറിനു കേരളം വിടനല്‍കിയതു ഹൃദയംകൊണ്ട്. തലസ്ഥാനത്തു ബാലഭാസ്കറിന്റെ ഭൗതികശരീരം പൊതുദർശനത്തിനുവച്ചരണ്ടിടങ്ങളിലെയും കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. പ്രായ ഭേദമന്യെ സ്ത്രീകളടക്കം പ്രിയ ബാലുവിന്‍റെ ഓര്‍മകള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞു. യൂണിവേഴ്സ്റ്റി കോളജിലും കലാഭാവനിലും വിതുമ്പലടക്കാന്‍ പാടുപെട്ടവരുടെയും നിര നീണ്ടു. എല്ലാം ഒരിക്കലെങ്കിലും പരിചയപ്പെട്ടവരുടെ ളള്ളില്‍ സ്നേഹമായി ബാക്കിയാകുന്ന ബാലഭാസ്കറിന്‍റെ സൗഹൃദത്തിന്‍റെ നേര്‍ക്കാഴ്ചകള്‍.
പൊതുദര്‍ശനത്തിനു ശേഷം തിരുമലയിലെ വീട്ടിൽ എത്തിച്ച മൃതദേഹം നാളെ ഉച്ചയ്ക്ക് പതിനൊന്നരയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ ആയിരങ്ങള്‍ ആദരാഞ്ജലികൾ അർപ്പിച്ചു.
ജീവിതത്തിലേക്കു തിരിച്ചുവരുമെന്ന തോന്നലുയര്‍ത്തിയിട്ടായിരുന്നു ബാലഭാസ്കര്‍ അകാലത്തില്‍ വിടപറഞ്ഞത്. കാറപകടത്തിൽപ്പെട്ടു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്കറിന്റ ആരോഗ്യ നില കഴിഞ്ഞദിവസം നേരിയ തോതില്‍ മെച്ചപ്പെട്ടിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ ഹൃദയസ്തംഭനം പ്രതീക്ഷകളും പ്രാര്‍ഥനകളും വിഫലമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം വയലിന്‍ തന്ത്രികളിലെ സ്വരപരീക്ഷശാലകൂടിയായ യൂണിവേഴ്സിറ്റി കോളജ് മുറ്റത്തേയ്ക്ക്. ആ മാന്ത്രികവിരല്‍ നാദം ആകര്‍ഷിച്ചെടുത്ത നാലുതലമുറകളില്‍പ്പെട്ടവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കോളജിനോടു വിടപറഞ്ഞ് കലാഭവനിലേക്ക്. അവിടെയും ബാലഭാസ്കറിന് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ നൂറുകണക്കിനുപേരെത്തി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ തൃശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്തിനടുത്ത് അപകടത്തില്‍പെട്ടത്. അപകടത്തിൽ രണ്ടുവയസ്സുകാരി മകൾ തേജസ്വിനി ബാല നേരത്തെ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുനും ചികില്‍സയിലാണ്.
നാല്‍പതുവയസില്‍ നാലുതലമുറകളെങ്കിലും ഓര്‍ക്കുന്ന സംഭാവനകള്‍ സംഗീതത്തിനു നല്‍കിയാണ് ബാലഭാസ്കര്‍ വിടപറഞ്ഞത്. സംഗീതം മാത്രം ജീവിതമാക്കിയ ബാലുവിന് സിനിമയേക്കാള്‍ വയലിനും സ്റ്റേജുമായിരുന്നു പ്രിയം. മലയാളസിനിമയിലെ ഏറ്റവും പ്രായംകുറഞ്ഞ സംഗീതസംവിധായകന്‍. പത്തൊന്‍പതാംവയസില്‍ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീതം നല്‍കിക്കൊണ്ട് ആ ബഹുമതി നേടി പ്രതിഭ നാല്‍പ്പതാംവയസില്‍ വിടവാങ്ങുമ്പോള്‍ കരിയറില്‍ നാലുസിനിമകള്‍ മാത്രം. പക്ഷേ വേണ്ടെന്നുവച്ച സിനിമകള്‍ നല്‍കാത്തതും അതിനപ്പുറവും സ്റ്റേജില്‍ നിന്ന് ബാലു നേടി. ഏറ്റവും പ്രധാനം കോടിക്കണക്കിന് സംഗീതാസ്വാദകരുടെ ഹൃദയത്തിലെ ഇടമായിരുന്നു.