ബാലഭാസ്കറിനെ ഒരിക്കൽ പരിചയപ്പെട്ടവർക്കാർക്കും അത്രപെട്ടെന്നു മറക്കാനാകില്ല. ആദ്യകാഴ്ചയിൽത്തന്നെ നിഷ്കളങ്കമായ പുഞ്ചിരി നിറച്ചാണ് ബാലഭാസ്കർ എല്ലാവരെയും സ്വീകരിച്ചത്. ആ ശൂന്യത അത്രപെട്ടെന്നു നികത്താനാവില്ല ബാലുവിന്റെ പ്രിയപ്പെട്ടവർക്ക്.
ഫെയ്സ്ബുക് വാളുകളിലെല്ലാം ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് ബാലഭാസ്കറിന്റെ പുഞ്ചിരിക്കുന്ന മുഖം. ബാലഭാസ്കറിനെ ഓർത്ത് സംഗീതജ്ഞൻ ഇഷാൻ ദേവ് എഴുതിയ വാക്കുകളും പങ്കുവച്ച ചിത്രവും ആരുടെയും ഉള്ളുപൊള്ളിക്കും.
ഇഷാൻ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: 'ചങ്കു പിളർന്ന് പങ്കാളിയാക്കി ചങ്കിനോടു ചേർത്തു വച്ചവനേ. മുൻപേ നടന്ന് അൻപാൽ നിറച്ച് ഉള്ളംകൈയിൽ എന്നെ താങ്ങിയോനെ എന്റെ ബാലുഅണ്ണൻ-എന്റെ ചങ്കിലെ പാട്ട്.'
യൂണിവേഴ്സിറ്റി കോളജ് കാലം മുതലുള്ള പരിചയമാണ് ഇഷാനും ബാലഭാസ്കറും തമ്മിൽ. ഒരു ഗാനം പാടാമെന്ന് ഇഷാനെകൊണ്ട് ആദ്യമായി സമ്മതിപ്പിച്ചതും ബാലഭാസ്കറാണ്. ഓരോ നിമിഷവും ആ ഓർമകളിൽ നീറുകയാണു ബാലുവിനു പ്രിയപ്പെട്ടവർ.