Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പകരക്കാരനെന്ന വാക്ക് ഒഴിവാക്കൂ; ക്രൂശിക്കരുത്...!

balabhaskar-sabareesh

വയലിന്റെ ഈണം പകുതിയിൽ അവസാനിപ്പിച്ച് ബാലഭാസ്കർ വിട പറഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാൻ സുഹൃത്തുകൾക്കും ബന്ധുക്കൾക്കും സാധിച്ചിട്ടില്ല. ചിതയിലെ കനലണയുന്നതിനു മുമ്പേ, ബാലഭാസ്കറിനു പകരക്കാരനായി എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ഒക്ടോബർ ഏഴിന് ബെംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്തത് ആരാധകരെ ചൊടിപ്പിച്ചു.

new

ആരാധക രോഷത്തിനെതിരെ വിശദീകരണവുമായി ശബരീഷ് തന്നെ രംഗത്തെത്തി. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ: ‘എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്നു പറഞ്ഞറിയിക്കാനാകില്ല. ഈ അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഉള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചാരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്. മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയതു നടത്താതിരുന്നാൽ സംഘാടകർക്കു ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിനു ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിനു പ്രിയപ്പെട്ടവരോടെല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിനു കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിനു വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്നു വിളിച്ചു ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിനു പകരമാകാൻ സാധിക്കില്ല.’