ബാലഭാസ്കറിനെ കുറിച്ചുള്ള ഓർമകളില്‍ ഓരോ നിമിഷവും നീറുകയാണു സുഹൃത്തുക്കൾ. കഴിഞ്ഞ വർഷം വിവാഹ വാർഷികത്തോടത്തോടനുബന്ധിച്ചു ബാലഭാസ്കർ നൽകിയ ഫെയ്സ്ബുക്ക് ലൈവ് പങ്കുവെക്കുകയാണു സംഗീത സംവിധായകൻ ഇഷാൻ ദേവ്.
ബാലഭാസ്കറിന്റെ പഴയ ഫെയ്സ്ബുക്ക് ലൈവ് ഇഷാൻ ദേവ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: ' കൂടെ നില്ക്കാൻ പറഞ്ഞു ജീവൻ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണൻ തന്നാ പണ്ടും മിടുക്കൻ. Miss you Baaluannaa ...See you in heaven.'
നവംബർ 18നു വിവാഹം കഴിഞ്ഞു പതിനഞ്ചു വർഷം തികയുന്ന സമയത്ത് ബാലഭാസ്കർ പങ്കുവച്ച വിഡിയോയാണ് ഇത്. ബാലഭാസ്കറും ഭാര്യ ലക്ഷ്മിയും അവരെ ഒരുമിപ്പിക്കാൻ കൂട്ടുനിന്ന സുഹൃത്തുക്കളോടും നന്ദി പറയുകയാണു വിഡിയോയില്‍.
വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന ബാലഭാസ്കർ ഒക്ടോബർ രണ്ടിനു പുലർച്ചെയാണു മരിച്ചത്. ഭാര്യ ലക്ഷ്മി ആശുപത്രിയിൽ ചികിത്സയിലാണ്.