ബാലഭാസ്കറിനോടുള്ള ആരാധന; മലയാളഗാനം ആലപിച്ച് ഇംഗ്ലീഷ് ഗായകൻ; വൈറൽ വിഡിയോ

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് യു കെ ഗായകൻ. സാജ് സബ്രി എന്ന  ഇംഗ്ലീഷ് ഗായകനാണു ബാലഭാസ്കറിനുള്ള ആദരവുമായി സോഷ്യല്‍ മീഡിയയിൽ എത്തിയത്. ബാലഭാസ്കറിന്റെ ഓർമകൾക്കു മുന്നിൽ ഈ ഗാനം സമര്‍പ്പിക്കുന്നു എന്ന മുഖവുരയോടെ 'ആയിരം കണ്ണുമായ്' എന്ന ഗാനം ആലപിച്ചു. 

ഗായകന്റെ വാക്കുകൾ ഇങ്ങനെ: 'എന്റെ പേര് സാജ് സാബ്രി. യുനൈറ്റഡ് കിങ്ഡം ആണ് നാട്. ദുബായിൽ ഒരു പരിപാടിക്ക് എത്തിയതാണ്. ഈ ഗാനം ഞാൻ ബാലഭാസ്കറിനു സമർപ്പിക്കാ‍ന്‍ ആഗ്രഹിക്കുന്നു. അദ്ദേഹം അറിയപ്പെടുന്ന വയലിനിസ്റ്റ് ആണ്. അപകടത്തിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി. അദ്ദേഹത്തിന്റെ മകളെയും വാഹനാപകടത്തിൽ നഷ്ടമായി. ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അറിയാൻ കഴിഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിർഭാഗ്യവശാൽ അദ്ദേഹത്തിനൊപ്പം ഒരു വേദി പങ്കിടാൻ എനിക്കു കഴിഞ്ഞില്ല. പക്ഷേ, അദ്ദേഹത്തിനു വേണ്ടി ഒരു മലയാളം ഗാനം ആലപിക്കാൻ ഞാൻ ഈ അവസരത്തിൽ ആഗ്രഹിക്കുന്നു. മലയാളം എനിക്ക് അത്ര വശമുള്ള ഭാഷയല്ല. എങ്കിലും ഞാൻ ശ്രമിക്കുകയാണ്. തെറ്റുകൾ ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ ആത്മാവ് എന്നോടു ക്ഷമിക്കട്ടെ...!'

സാജ് സബ്രിയുടെ ആലാപനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. മികച്ച പ്രതികരണമാണു ഇംഗ്ലീഷ് ഗായകന്റെ മലയാളം ഗാനാലാപനത്തിനു ലഭിക്കുന്നത്. ബാലഭാസ്കറിന്റെ ആരാധകരും സുഹൃത്തുക്കളും ഈ വിഡിയോ ഇതിനോടകം പങ്കുവച്ചു കഴിഞ്ഞു.