അവർ പറഞ്ഞു; വൈരമുത്തുവിന്റെ അടുത്തേക്ക് ഒറ്റയ്ക്ക് അയക്കരുത്; ചിൻമയി

കവി വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ആവർത്തിച്ച് ഗായിക ചിന്മയി. കരിയറിന്റെ തുടക്കത്തിലുണ്ടായ ദുരനുഭവം വർഷങ്ങൾക്കു ശേഷം പുറത്തു പറഞ്ഞത് വെറും പ്രശസ്തിക്കു വേണ്ടിയാണെന്നു ആരോപിക്കുന്നത് ബാലിശമാണെന്ന് ചിന്മയി പറഞ്ഞു. 

'സ്വിറ്റ്സർലണ്ടിലെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ പ്രധാന സംഘാടകനായ സുരേഷിന്റെ വീട്ടിലായിരുന്നു താമസിച്ചത്. അന്നത്തെ കാലത്ത് വിദേശരാജ്യങ്ങളിൽ പരിപാടിക്ക് പോകുമ്പോൾ സംഘാടകരുടെ വീട്ടിൽ താമസിക്കുന്ന കീഴ്്വഴക്കം ഉണ്ടായിരുന്നു. കലാകാരന്മാരെ എല്ലാവരെയും ഹോട്ടലിൽ താമസിപ്പിക്കുന്നത് ചെലവേറിയ കാര്യമായതിനാലാണ് അങ്ങനെ ചെയ്തിരുന്നത്. രണ്ടു ദിവസത്തെ പരിപാടി കഴിഞ്ഞതിനു ശേഷം കൂടെയുണ്ടായിരുന്ന കലാകാരന്മാരെ യാത്രയാക്കിയെങ്കിലും എന്നോടും അമ്മയോടും ഒരു ദിവസം കൂടി സ്വിറ്റ്സർലണ്ടിൽ തങ്ങണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അവരുടെ വീട്ടിൽ തങ്ങുന്നത് അസൗകര്യമാണെന്നും ഹോട്ടലിലേക്ക് മാറണമെന്ന് നിർദേശിക്കുകയുമായിരുന്നു. അതെന്തിനെന്ന് അന്വേഷിച്ചപ്പോഴാണ് വൈരമുത്തുവിന്റെ ആവശ്യപ്രകാരമായിരുന്നു അതെന്ന് അറിഞ്ഞത്. സഹകരിച്ചില്ലെങ്കിൽ എന്റെ കരിയർ തന്നെ നശിപ്പിക്കുമെന്ന് വൈരമുത്തു ഭീഷണി മുഴക്കിയിരുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സ്റ്റാഫിനും അറിയാവുന്നതാണ്. എന്തും വരട്ടെയന്നു കരുതി സ്വിറ്റ്സർലണ്ടിൽ നിന്നു തിരിച്ചു പോരുകയായിരുന്നു,' ചിന്മയി ഓർത്തെടുത്തു. 

"തന്റെ മകളെ വൈരമുത്തു സാറിന്റെ അടുത്തേക്ക് ഒറ്റയ്ക്കു അയയ്ക്കുന്നത് സുരക്ഷിതമല്ലെന്നു സംഘാടകനായ സുരേഷ് തന്നെ ഫോണിൽ മറ്റു സംഘാടകരോട് പറയുന്നത് ഞാൻ കേട്ടതാണ്. അവർ ജർമൻ ഭാഷയിലാണ് സംസാരിച്ചത്. ജർമൻ ഞാൻ പഠിച്ചിരുന്നതുകൊണ്ടാണ് അവരുടെ സംസാരം എനിക്കു മനസിലായത്," ചിന്മയി വ്യക്തമാക്കി. 

ഇന്റർനെറ്റും മൊബൈൽ ഫോണും വ്യാപകമല്ലാതിരുന്ന ആ കാലത്ത് തനിക്ക് നേരിട്ട ദുരനുഭവം പുറത്തു പറയാനുള്ള സാധ്യതകൾ കുറവായിരുന്നു. മാധ്യമങ്ങൾക്കു മുന്നിൽ തുറന്നു പറഞ്ഞാലും ആരും വിശ്വസിക്കുമായിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ നിൽക്കുന്ന ഞാൻ പ്രശസ്തിക്കു വേണ്ടി പറയുന്നതാണെന്നു വരെ ആരോപണം ഉയർന്നേനെ. ഇപ്പോൾ കരിയറിൽ നല്ല നിലയിലാണ് ഞാൻ നിൽക്കുന്നത്. ഇതും പ്രശസ്തിക്കു വേണ്ടിയാണെന്ന ആരോപണങ്ങൾ ബാലിശമാണ്, ചിന്മയി തുറന്നടിച്ചു. 

വൈരമുത്തുവിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന പ്രചാരണവും ചിന്മയി തള്ളി. 'ആധാറിനെതിരെ തുറന്ന നിലപാടു സ്വീകരിച്ച വ്യക്തിയാണ് ഞാൻ. എല്ലാവരും ആധാർ എടുക്കാൻ ഓടി നടന്നപ്പോൾ അത് ആവശ്യമില്ലെന്നും അത് എടുക്കില്ലെന്നും ഞാൻ പറഞ്ഞിരുന്നു. നോട്ടുനിരോധനത്തിനെയും ഞാൻ വിമർശിച്ചിരുന്നു,' തന്റെ രാഷ്ട്രീയ നിലപാടുകൾ ചിന്മയി വ്യക്തമാക്കി. 

വൈരമുത്തുവിൽ നിന്നല്ലാതെ മറ്റാരിൽ നിന്നും തനിക്ക് ഇത്തരം ദുരനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ചിന്മയി കൂട്ടിച്ചേർത്തു. എന്നാൽ, ചിന്മയിയുടെ ആരോപണം വൈരമുത്തു നിഷേധിച്ചിരുന്നു. എങ്കിലും, സാമന്ത, സിദ്ധാർത്ഥ് തുടങ്ങിയ യുവതാരങ്ങൾ ചിന്മയിയെ പിന്തുണച്ചു രംഗത്തെത്തി.