അമ്മയുടെ നൃത്തത്തിൽ വിസ്മയിച്ചു മക്കൾ; ശാന്തിയുടെ ഓർമകളിൽ വീണ്ടും ബിജിബാൽ

വിജയദശമി ദിനത്തിൽ അകാലത്തിൽ മറഞ്ഞു പോയ ഭാര്യ ശാന്തിയുടെ നൃത്ത വിഡിയോകൾ പങ്കുവച്ചു സംഗീത സംവിധായകൻ ബിജിബാൽ. വിവിധ സന്ദർഭങ്ങളിൽ ശാന്തി അവതരിപ്പിച്ച നൃത്തത്തിന്റെ വിഡിയോയാണ് ബിജിബാൽ പങ്കുവച്ചത്. സകലദേവ നുതേ, മയി മീനാക്ഷി, അർധനാരീശ്വരം, ശ്രീ ചക്രരാജ സിംഹാസനേശ്വരി എന്നീ വിഡിയോകളാണ് ബിജിബാൽ പങ്കുവച്ചത്. 

ശ്രീ ചക്രരാജ സിംഹാസനേശ്വരി എന്ന കീർത്തനം ബിജിബാൽ ആലപിക്കുകയും അതിനു ചുവടുവെക്കുകയും ചെയ്യുകയാണ് ശാന്തി ഒരു വിഡിയോയിൽ. ബിജിബാലിന് അടുത്തു മക്കളായ ദേവദത്തിനെയും ദയയെയും കാണാം. മുൻപും ശാന്തിയുടെ വിവിധ വിഡിയോകൾ ബിജിബാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 

ഭാര്യയുടെ ജൻമദിനത്തോട് അനുബന്ധിച്ചു ബിജിബാൽ പുറത്തിറക്കിയ മ്യൂസിക്കൽ ഡാൻസ് വിഡിയോ ആയിരുന്നു 'മയി മീനാക്ഷി'. ശാന്തിയുടെ നൃത്തത്തെ പ്രശംസിക്കും വിധമാണു കമന്റുകൾ.

കഴിഞ്ഞ വർഷമായിരുന്നു തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്നു ശാന്തി മരിച്ചത്. നൃത്തവേദികളിൽ സജീവമാകുന്നതിനിടെയായിരുന്നു ശാന്തിയുടെ മരണം.