വൈരമുത്തുവിനെ പറ്റി സ്ത്രീകൾ പരാതി പറഞ്ഞിരുന്നു; എ.ആർ. റഹ്മാന്റെ സഹോദരി

വൈരമുത്തുവിനെ കുറിച്ചു നിരവധി സ്ത്രീകൾ തന്നോടു പറഞ്ഞിരുന്നതായി സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ സഹോദരി എ.ആർ. റെയ്ഹാന. മീടു ക്യാംപെയ്നിന്റെ ഭാഗമായി വൈരമുത്തുവിനെതിരെ നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് റെയ്ഹാനയുടെ പ്രതികരണം. ഒരു തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു റെയ്ഹാന ഇങ്ങനെ പറഞ്ഞത്.  

റെയ്ഹാനയുടെ വാക്കുകൾ ഇങ്ങനെ: ' മുൻപും ചില സ്ത്രീകൾ വൈരമുത്തുവിനെ കുറിച്ച് ഇത്തരത്തിലുള്ള പരാതികള്‍ പറഞ്ഞിരുന്നു. ഇത് ഒരു പരസ്യമായ രഹസ്യമാണ്. എനിക്ക് ഇതുവരെ അങ്ങനെ ഒരു അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. മാന്യതവിട്ട് ഞാനും മറ്റുള്ളവരോട് പെരുമാറിയിട്ടില്ല. ഭൂരിഭാഗം സ്ത്രീകളും ഇത്തരത്തിൽ എന്തെങ്കിലും പ്രശ്നം നേരിടേണ്ടി വന്നാല്‍ അതു തുറന്നു പറയാൻ ഭയക്കുന്നവരാണ്. ഏതൊക്കെയോ രീതിയിലുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്ന് ഞാനും കരുതുന്നു.അങ്ങനെ സംഭവിക്കാതെ ഈ ആരോപണങ്ങൾ ഉണ്ടാകില്ലല്ലോ. പക്ഷേ, വൈരമുത്തുവിൽ നിന്ന് എനിക്ക് ഒരിക്കലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ഏതാനും ചില സന്ദർഭങ്ങളിൽ അദ്ദേഹത്തെ ഞാൻ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അപ്പോഴൊന്നും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള മോശം പെരുമാറ്റവും എനിക്കു നേരിടേണ്ടി വന്നിട്ടില്ല. ആർക്കാണോ അത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായത് അവർ പരാതി നൽകണമെന്നാണ് എന്റെ അഭിപ്രായം.' 

റെയ്ഹാനയുടെ പ്രതികരണത്തിനു പിന്നാലെ മീടുവിൽ നിലപാട് അറിയിച്ച്  എ.ആർ. റഹ്മാനും രംഗത്തെത്തി. വെളിപ്പെടുത്തലുകളുടെ ഭാഗമായി ചില പേരുകൾ കേട്ട് ഞെട്ടി എന്നായിരുന്നു റഹ്മാന്റെ പ്രതികരണം. കുടാതെ സമോഹമാധ്യമങ്ങളിൽ വരുന്ന ഇത്തരം വെളിപ്പെടുത്തലുകളില്‍ നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം ചിലപ്പോൾ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും  റഹ്മാൻ സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു