ഹൃദയത്തെ തൊട്ടുണർത്തി 'പിപ്പലാന്ത്രി'യിലെ ആദ്യഗാനം

സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ഒരുക്കിയ 'പിപ്പലാന്ത്രി' എന്ന ചിത്രത്തിലെ ആദ്യം ഗാനം എത്തി. ‘വാനം മേലെ കാറ്റ്’ എന്നു തുടങ്ങുന്ന ഗാനം യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ഷാന്റി ആന്റണി അങ്കമാലിയാണു സംഗീതം. ജോയ്സ് തോന്നിയാമലയുടെതാണു വരികൾ. 

ഗാനത്തെ പറ്റി കെ.ജെ. യേശുദാസിന്റെ വാക്കുകൾ ഇങ്ങനെ: 'നമ്മുടെ പുതുതലമുറയ്ക്ക് ഉപകാരപ്പെടുന്ന ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഒരു നിയോഗമാണ്. സ്റ്റുഡിയോയിലല്ല, 'പിപ്പലാന്ത്രി'യിലെ പുൽത്തകിടിൽ നിന്നു പാടിയ പോലെയാണ് അനുഭവപ്പെട്ടത്. സന്തോഷം.' 

മൂന്ന് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ചിറ്റൂര്‍ ഗോപിയാണ് രണ്ട് പാട്ടുകള്‍ എഴുതിയിരിക്കുന്നത്. സിതാര, നജീം അര്‍ഷാദ്, സെലിന്‍ ഷോജി, ശ്രേയ ജയദീപ് എന്നിവര്‍ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. 

പെൺകുഞ്ഞുങ്ങൾ ജനിക്കുന്നത് അനുഗ്രഹമായി കാണുന്ന പിപ്പലാന്ത്രി എന്ന ഗ്രാമത്തിൽ എത്തിപ്പെടുന്ന മലയാളി കുടുംബത്തിന്റെ കഥയാണു ചിത്രം പറയുന്നത്. ഷോജി സെബാസ്റ്റ്യനാണു ചിത്രത്തിന്റെ സംവിധാനം.ഷെല്ലി ജോയ്, ഷോജി എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.