ഇനി ആ കരങ്ങളുടെ സുരക്ഷിതത്വത്തിൽ ലക്ഷ്മി; ബാലഭാസ്കർ വിടപറഞ്ഞിട്ട് ഒരുമാസം

ഒരുജനതയെ ആകെ കണ്ണീരിലാഴ്ത്തി ബാലഭാസ്കർ വിടപറഞ്ഞിട്ട് ഒരുമാസം തികയുകയാണ്. ഒക്ടോബർ രണ്ടിനു പുലർച്ചെയായിരുന്നു  ബാലഭാസ്കർ മരണത്തിനു കീഴടങ്ങിയത്. വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റു ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു ബാലഭാസ്കറിനെ മരണം കവർന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല തൽക്ഷണം തന്നെ മരിച്ചിരുന്നു. പരുക്കേറ്റു ചികിൽസയിൽ കഴിഞ്ഞിരുന്ന ഭാര്യ ലക്ഷ്മി, ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്നു കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. 

ഭർത്താവിന്റെയും മകളുടെയും മരണം ഉൾക്കൊണ്ട ലക്ഷ്മി ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. തിരുവനന്തപുരത്തെ വീട്ടിൽ പ്രിയപ്പെട്ടവരുടെ കരങ്ങൾ നൽകുന്ന സുരക്ഷിതത്വത്തിലാണ് ലക്ഷ്മി. ഏകദേശം ഒരുമാസത്തിലധികം നീണ്ട ചികിൽസയ്ക്കു ശേഷമാണ് ലക്ഷ്മി  ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. മാനസികമായും ശാരീരികമായും പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതിന് ലക്ഷ്മിക്കു കൂടുതൽ വിശ്രമം ആവശ്യമാണ്. 

സെപ്റ്റംബര്‍ അവസാന വാരത്തിലാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തു വച്ച് അപകടത്തിൽപ്പെട്ടത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, ഡ്രൈവറും സുഹൃത്തുമായ അർജുൻ എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. ബാലഭാസ്കർ തന്നെയായിരുന്നു വാഹനം ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, സുഹൃത്ത് അർജുൻ എന്നിവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അതിനിടെ ഒക്ടോബർ രണ്ടിനു പുലർച്ചെ ബാലഭാസ്കർ മരിച്ചു. 

ബാലഭാസ്കറിന്റെയും മകളുടെയും മരണ വിവരം വളരെ വൈകിയാണു ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യ ലക്ഷ്മിയെ അറിയിച്ചത്. ഇപ്പോൾ യാഥാർഥ്യങ്ങളോടു പൊരുത്തപ്പെട്ടു വരികയാണ് ലക്ഷ്മി.സംസാരിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഇപ്പോൾ ലക്ഷ്മിക്കു കഴിയും. വലതുകാലിലെ പരുക്കു കൂടി ഭേദമായാൽ നന്നായി നടക്കാനാകും. ബാലഭാസ്കറിന്റെ മാതാപിതാക്കളുടേയും കൂട്ടുകാരുടേയും സ്നേഹത്തണലില്‍ ദുഃഖങ്ങളൊളിപ്പിച്ച് ചിരിക്കാന്‍ ശ്രമിക്കുകയാണവര്‍. പൂര്‍ണ ആരോഗ്യം വീണ്ടെടുത്തതിനെ തുടർന്ന് ഡ്രൈവർ അർജുൻ നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു.