ആദ്യമായല്ല പലമേഖലകളിലുള്ള ഗായകരെ ശങ്കർ മഹാദേവൻ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തുന്നത്. ഇത്തവണ പരിചയപ്പെടുത്തുന്നത് എയർഫോഴ്സ് ഉദ്യോഗസ്ഥനായ മലയാളി ഗായകനെയാണ്. അതും കടുത്ത യേശുദാസ് ആരാധകനായ ഗായകൻ.
എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ കൃഷ്ണകുമാറിനെയാണു ശങ്കർ മഹാദേവൻ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. സാർ താങ്കൾക്കു പ്രിയപ്പെട്ട ഒരു ഗാനം ആലപിക്കുമോ എന്ന ശങ്കർ മഹാദേവന്റെ ചോദ്യത്തിനു കൃഷ്ണകുമാറിന്റെ മറുപടി ഇങ്ങനെ: ' സർ ഞാൻ യേശുദാസിന്റെ വലിയ ആരാധകനാണ്. അദ്ദേഹത്തിന്റെ ഒരു ഗാനം ആലപിക്കാം.'
യേശുദാസിന്റെ എക്കാലത്തെയും ഹിറ്റ് ഹിന്ദി ഗാനമായ ജബ് ദീപ് ജലേ ആനാ എന്ന ഗാനം ആലപിച്ചു. താനും യേശുദാസിന്റെ വലിയ ആരാധകനാണെന്നു പറഞ്ഞ ശങ്കർ മഹാദേവൻ കൃഷ്ണകുമാറിന്റെ കൂടെ പാടുകയും ചെയ്തു.
കൃഷ്ണകുമാറിന്റെ ആലാപനം ശങ്കർ മഹാദേവൻ തന്നെയാണു സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. കൃഷ്ണകുമാറിന്റെ ഗാനം പങ്കുവച്ച് ശങ്കർ മഹാദേവൻ കുറിച്ചത് ഇങ്ങനെ: 'ബിഗ് സല്യൂട്ട്, വിങ് കമാന്റർ കൃഷ്ണകുമാറിനെ പരിചയപ്പെടാനുള്ള ഭാഗ്യം എനിക്കുണ്ടായി. അദ്ദേഹത്തിന്റെ ഗാനം കേട്ടു നോക്കൂ.'
1976ൽ പുറത്തിറങ്ങിയ ചിത്ഘർ എന്ന ചിത്രത്തിലേതാണ് ജബ് ദീപ് ജലേ ആനാ എന്ന ഗാനം. യേശുദാസും ഹേമലതയും ചേർന്നാണു ഗാനം ആലപിച്ചത്. രവീന്ദ്ര ജെയ്നിന്റെതാണു വരികളും സംഗീതവും.
മുൻപും രാജ്യത്തെ വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന ഗായകരെ കണ്ടെത്തി ശങ്കർ മഹാദേവൻ സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഹോട്ടൽ ജീവനക്കാരായ രണ്ടുഗായകരെ ശങ്കർ മഹാദേവൻ പരിചയപ്പെടുത്തിയിരുന്നു.