ആത്മഹത്യ ചെയ്യാമെന്നു കരുതി, എല്ലാ ദിവസവും അതേപറ്റി ചിന്തിച്ചു: എ. ആർ. റഹ്മാൻ

ഇതിഹാസമെന്നു സംഗീതലോകം വിളിക്കുംമുൻപു തോൽവിയാണെന്നു സ്വയം കരുതിയിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നു എ.ആർ റഹ്മാൻ. അക്കാലത്ത് എല്ലാ ദിവസവും ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു. പിന്നീട് ധൈര്യശാലിയാകാൻ  ജീവിതത്തിലെ ആ ഘട്ടം സഹായിച്ചെന്നും ഓസ്കർ അവാർഡ് ജേതാവ് കൂടിയായ റഹ്മാൻ പറഞ്ഞു

സംഗീതസംവിധായകൻ കൂടിയായിരുന്ന അച്ഛൻ ആർ കെ ശേഖർ റഹ്മാന് ഒൻപത് വയസ്സുള്ളപ്പോഴാണ് മരിക്കുന്നത്. അച്ഛന്റെ മരണശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ചും ശൂന്യതയെക്കുറിച്ചും തുറന്നുപറയുകയാണ് റഹ്മാൻ. റഹ്മാന്റെ വാക്കുകള്‍ ഇങ്ങനെ: '25 വയസ്സാകുന്നതുവരെ ആത്മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നു. പിതാവിനെ നഷ്ടപ്പെട്ട ശേഷം വലിയ ശൂന്യതയായിരുന്നു അനുഭവിച്ചത്. ഒരുപാട് കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരുന്നു. ഒരർഥത്തിൽ നോക്കിയാൽ ആ സംഭവങ്ങളെല്ലാം എന്നെ ധൈര്യശാലിയാക്കി മാറ്റി. എല്ലാവരും ഒരിക്കൽ മരിക്കും. എല്ലാ വസ്തുക്കൾക്കും ഒരു കാലാവധി ഉണ്ടാകില്ലേ? പിന്നെ എന്തിനാണു പേടിക്കുന്നത്?പന്ത്രണ്ട് വയസ്സിനും 22 വയസ്സിനുമിടയിൽ ഞാൻ എല്ലാം അവസാനിപ്പിച്ചു. സാധാരണയാളുകൾ ചെയ്യുന്നത് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. അതെന്നെ ബോറടിപ്പിക്കുമെന്ന് തോന്നി.'

അച്ഛന്റെ മരണശേഷം സംഗീതോപകരണങ്ങൾ വാടകക്ക് നൽകിയാണ് കുടുംബം കഴിഞ്ഞിരുന്നത്. ചെന്നൈയിലെ വീട്ടിൽ സ്വന്തമായി റെക്കോർഡിങ് സ്റ്റുഡിയോ തുടങ്ങിയതിന് ശേഷമാണ് ജീവിതത്തിൽ മാറ്റങ്ങളുണ്ടായതെന്നും റഹ്മാൻ പറഞ്ഞു. 1992ൽ പുറത്തിറങ്ങിയ റോജയിലൂടെ തന്റെ ഇരുപതാം വയസ്സിലാണ് റഹ്മാൻ സിനിമയിലേക്കു ചുവടുവെക്കുന്നത്. അതിനു തൊട്ടുമുൻപു കുടുംബത്തോടൊപ്പം ഇസ്‌ലാം മതം സ്വീകരിച്ചു. കഴിഞ്ഞ കാലത്തെ ഓർമ്മകൾ വേട്ടയാടാതിരിക്കാൻ റഹ്മാൻ എപ്പോഴും ശ്രദ്ധിക്കുമായിരുന്നു. റോജക്ക് പിന്നാലെ കരിയറിൽ ഉയർച്ച മാത്രമായിരുന്ന റഹ്മാനു പിന്നീട് ഒരിക്കൽ പോലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.