അതിനുശേഷം പാടിയില്ല; എന്റെ പാട്ട് എന്നേക്കാൾ നന്നായി ചിത്ര പാടും: പി. സുശീല

സുശീലാമ്മയുടെ ഗാനമാധുരിയിൽ മലയാളി അലിഞ്ഞ കാലമുണ്ടായിരുന്നു. ആ കാലത്തിലേക്കു കൂട്ടികൊണ്ടു പോവുകയായിരുന്നു കെ. എസ് ചിത്ര. പി. സുശീലയുടെ തെന്നിന്ത്യന്‍ ഭാഷകളിലുള്ള നിരവധി ഗാനങ്ങൾ ആലപിച്ചാണ് ചിത്ര സുശീലയോടുള്ള ആദരം അറിയിച്ചത്. സൗത്ത് ഇന്ത്യൻ ഇന്റർനാഷണല്‍ മൂവി അവാർഡ്സ് 2018ന്റെ വേദിയിലായിരുന്നു ചിത്രയുടെ അവിസ്മരണീയ ഗാനാർച്ചന.

മലയാളം പാട്ടുകൾ പാടിയായിരുന്നു ചിത്ര ഗാനാർച്ചന അവസാനിപ്പിച്ചത്. 'അമ്പാടി പൂങ്കുയിലേ പാടൂ' എന്ന ഗാനം ചിത്ര പാടിയപ്പോൾ സദസ്സിലിരുന്ന് സൂശീല കൂടെ പാടി.   തുടർന്ന് ലൈഫ് അച്ചീവ് മെന്റ് പുരസ്കാരം നൽകി ചടങ്ങിൽ സുശീലയെ ആദരിച്ചു. 

സുശീലയുടെ വാക്കുകൾ ഇങ്ങനെ: '66 വർഷം ഞാൻ പാട്ടുകൾ പാടി. മനോഹരമായ ശബ്ദത്തിന് ഉടമയാണു ചിത്ര. ഞാൻ പാടിയ പാട്ടുകൾ എന്നേക്കാൾ നന്നായി ചിത്ര പാടും.നല്ല മെലഡി വോയ്സ്.  ദൈവം ചിത്രയെ എപ്പോഴും ഇങ്ങനെ മധുരമുള്ള ശബ്ദത്തിനുടമയായി നിൽക്കാൻ സഹായിക്കട്ടെ എന്നു പ്രാർഥിക്കുന്നു. 2012ലാണു അവസാനമായി പാടിയത്. അതിനുശേഷം പാടിയില്ല.'

തന്റെ പാട്ടുകൾ തന്നെക്കാൾ നന്നായി ചിത്ര പാടി എന്നു സുശീല പറഞ്ഞപ്പോൾ ചിത്ര ശിരസ്സു കുനിച്ചു. ഖുശ്ബുവിനു വേണ്ടിയും പാടിയിട്ടുണ്ടെന്നു പറഞ്ഞ് എക്കാലത്തെയും സൂപ്പർഹിറ്റ് ഗാനമായ പൂപുക്കും മാസം തൈമാസം എന്ന ഗാനത്തിന്റെ വരികൾ സുശീല വേദിയിൽ ആലപിച്ചു. സുശീലാമ്മയെ പോലെയുള്ളവരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യം ചെയ്തവരാണെന്ന് ഖുശ്ബു പറഞ്ഞു. 2012 മുതൽ  ചലച്ചിത്ര പിന്നണി ഗാന രംഗത്തു നിന്നും മാറി നിൽക്കുന്ന സുശീലാമ്മ  ഇതുവരെ പാടിയതിൽ ഇഷ്ടമുള്ള ഗാനം ഈ വേദിയില്‍ ആലപിച്ചാൽ അതു ഞങ്ങളെ പോലുള്ളവർക്കു സന്തോഷമായിരിക്കുമെന്ന ഖുശ്ബു പറഞ്ഞു. തുടർന്നു ഖുശ്ബുവിന്റെ അഭ്യർഥന മാനിച്ച് കണ്ണുക്കു മയ്യഴക് എന്ന ഗാനവും പാടിയാണു സുശീല വേദി വിട്ടത്.