ആരാണ് ഇവരെന്ന് റഹ്മാനു മനസ്സിലായില്ല; പറഞ്ഞു കൊടുത്ത് ആരാധകർ

കേള്‍ക്കാതെ പോകുന്ന ഈണങ്ങളൊക്കെയും അതിമധുരതരമാണെന്നാണല്ലോ പറയാറ്. പക്ഷേ സോഷ്യല്‍ മീഡിയയുടെ കാലത്ത് ഇടയ്ക്കിടെ ആ മധുരമിങ്ങനെ നുണയാനാകും. അങ്ങനെയുള്ളൊരീണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പാറിനടപ്പുണ്ട്. ഒരു മൈക്കോ വേദിയോ ഇല്ലാതെ ഔപചാരികതയുടെ ഒരു കണിക പോലുമില്ലാതെ അവര്‍ പാടിയൊരു പാട്ടിന്‍ കണം സാക്ഷാല്‍ എ.ആര്‍. റഹ്മാനെ പോലും അതിശയിപ്പിച്ചു. 

തന്റെ പാട്ടുകളുടേയോ സംഗീത സംവിധാനത്തില്‍ തനിക്കൊപ്പം പങ്കാളിയാകുന്നവരുടേയോ അല്ലെങ്കില്‍ തന്റെ പുതിയ സംരംഭങ്ങളുടേയോ പ്രൊമോഷനു മാത്രം ഉപയോഗിക്കാറുള്ള സോഷ്യല്‍ മീഡിയ പേജില്‍ ആരാണെന്ന് അറിയാത്തൊരാളുടെ പാട്ട് റഹ്മാന്‍ പങ്കുവച്ചത് തീര്‍ത്തും അപ്രതീക്ഷിതം തന്നെ.

ആരാണെന്നറിയില്ല, അജ്ഞാതം, മനോഹരമായ ശബ്ദം എന്നാണ് മൊസാര്‍ട്ട് ഓഫ് മദ്രാസ് വിഡിയോയ്ക്ക് കൊടുത്ത തലക്കെട്ട്. അദ്ദേഹത്തിന്റെ തന്നെ പാട്ടായ, എന്നവളേ അടി എന്നവളേ ആണ് ഇവര്‍ പാടിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ വടിശേലരു ഗ്രാമത്തില്‍ നിന്നുള്ള ബേബി എന്ന സ്ത്രീയാണ് ഇതെന്നാണു വിഡിയോയ്ക്കു താഴെ നിറഞ്ഞ കമന്‌റുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും ഇവര്‍ പാടുന്ന വിഡിയോയ്ക്ക് വന്‍ വരവേല്‍പ്പാണ് ഇന്റര്‍നെറ്റില്‍ ലഭിച്ചത്. 

അതുപോലെ റഹ്മാന്‍ അടുത്തിടെ ചെയ്ത എല്ലാ പോസ്റ്റുകള്‍ക്കും ലഭിച്ചതിനേക്കാള്‍ വലിയ പ്രതികരണമാണ് ഇതിനു കിട്ടിയത് എന്നതും ആശ്ചര്യകരം. ഒരുപാട് പാട്ടുകള്‍ പാടിയ, പാട്ടിനൊപ്പം ജീവിക്കുന്ന, ഒരുപാട് വേദികളില്‍ സാന്നിധ്യമായിട്ടുള്ള, ഏതൊരാളും ആഗ്രഹിക്കുന്നതാണ് എ.ആര്‍. റഹ്മാനില്‍ നിന്ന് ഇങ്ങനെയൊരു പ്രതികരണം. അത് ഒരു ഗ്രാമത്തില്‍ നിന്നുള്ള തീര്‍ത്തും സാധാരണക്കാരിയായ, ഒരുപക്ഷേ ഒരു റെക്കോഡിങ് പോലും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരാള്‍ നേടിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രസക്തം.