ആദ്യം കാണേണ്ടത് അച്ഛനെയും അമ്മയെയും, പിന്നെ ഏട്ടൻ: വിജയലക്ഷ്മിയുടെ ചികിത്സ തുടങ്ങി

കാഴ്ചയ്ക്കായുള്ള ചികിത്സ ആരംഭിച്ചതിന്റെയും അനൂപുമൊത്തുള്ള പുതിയ ജീവിതത്തിന്റെയും സന്തോഷം പങ്കുവെക്കുകയാണു മലയാളിയുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി. 'കാഴ്ച ലഭിക്കുമ്പോൾ ആദ്യം കാണേണ്ടത് അച്ഛനെയും അമ്മയെയുമാണ്. പിന്നെ കാണേണ്ടത് ഏട്ടനെയും'.- വിജയലക്ഷ്മി പറഞ്ഞു.

വിജയലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:  'വൈക്കത്തഷ്ടമി പോലെയായിരുന്നു വിവാഹം. യേശുദാസ് സറും ജയചന്ദ്രൻ സറുമെല്ലാം വന്നിരുന്നു. ഉത്സവമായിരുന്നു.വിജി ലോകം കാണും. എപ്പോഴും സന്തോഷമായിട്ട് ഇരിക്കണമെന്നാണ് ഏട്ടൻ പറയുന്നത്. കാഴ്ച ലഭിച്ചാൽ എനിക്ക് ആദ്യം കാണേണ്ടത് എന്റെ അച്ഛനെയും അമ്മയെയും ആണ്. പിന്നെ ഭഗവാൻ. പിന്നെ ഏട്ടൻ. കാഴ്ച ലഭിക്കണം. ദീർഘസമുംഗലിയായി കുറേക്കാലം ജീവിക്കണം. പിന്നെ കുറെ പാട്ടുകൾ പാടണം അതാണ് എന്റെ വലിയ മോഹം.' 

വിജിയുടെ കുടുംബക്ഷേത്രത്തിൽ വിളക്കു തെളിയിക്കാൻ വന്നപ്പോൾ ആ വീടിന്റെ നിലവിളക്കിനെയാണു തനിക്കു ലഭിച്ചതെന്ന് വിജയലക്ഷ്മിയുടെ ഭർത്താവ് അനൂപ് പറഞ്ഞു. വിജയലക്ഷ്മിയെ കുറിച്ച് അനൂപിന്റെ വാക്കുകൾ ഇങ്ങനെ: 'വിജി ഒരു മരുന്നാണ്. സ്വയം സന്തോഷിക്കുന്നതിനോടൊപ്പം മറ്റുള്ളവർ കൂടി സന്തോഷിക്കണമെന്ന് വിജി ആഗ്രഹിക്കുന്നു. വിഷമിച്ചിരിക്കുന്ന ഒരാള്‍ വിജിയോടു സംസാരിച്ചാൽ ആ മാറ്റം അറിയാൻ സാധിക്കും. നെഗറ്റീവ് കാര്യങ്ങളെ പോസിറ്റീവ് ആക്കിമാറ്റാൻ വിജിക്ക് കഴിയും.പുഞ്ചിരിയാണ് വിജിയിൽ ഏറ്റവുമിഷ്ടമുള്ള കാര്യം. ആ ചിരി ഒരിക്കലും മായരുത് എന്ന് എപ്പോഴും പറയും. വിജിക്കും അതാണിഷ്ടം. എപ്പോഴും സന്തോഷമായിരിക്കണം വിജി.അന്നും ഇന്നും വിജിയോട് ആരാധനയാണ്. ഏറെ ബഹുമാനത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ഗായിക ഇന്നെന്റെ ഭാര്യയായി തൊട്ടടുത്തിരുന്നു പാടുകയാണ്. ഇടയ്ക്കു ബഹുമാനം കൊണ്ടു ഞാൻ വിജിയ്ക്ക് മുന്നിൽ എഴുന്നേറ്റുനില്‍ക്കാറുണ്ട്. വിജിക്ക് ഇഷ്ടമുള്ള കാലമത്രയും പാടണം.'