സ്റ്റേജ് പ്രേഗ്രാമുകളില്‍ സജീവ സാന്നിധ്യമാണ് സ്റ്റീഫൻ ദേവസ്സി. മികച്ച ഒരു സംഗീത സംവിധായകനും കീബോർഡിസ്റ്റുമായിട്ടും ഏറെ കൊതിച്ച സിനിമ മേഖലയിൽ കൂടുതൽ പാട്ടുകൾ ചെയ്യാൻ സ്റ്റീഫനു കഴിഞ്ഞില്ല. എന്തുകൊണ്ടു സിനിമാ സംഗീതത്തിൽ തിളങ്ങാൻ കഴിഞ്ഞില്ലെന്നതിനെ പറ്റി തുറന്നു പറയുകയാണു സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി. മനോരമ ന്യൂസിന്റെ നേരെ ചൊവ്വെയിലായിരുന്നു സ്റ്റീഫന്റെ തുറന്നു പറച്ചിൽ.
സ്റ്റീഫന്റെ സ്വയം വിലയിരുത്തലുകൾ
ചെയ്യുന്നതൊന്നും ശരിയല്ലെന്ന ചിന്ത എപ്പോഴും ഉള്ള ഒരാളാണു ഞാൻ. അപ്പോൾ ചെയ്യുന്നതെല്ലാം ഞാൻ ആരെയെങ്കിലുമൊക്കെ കേൾപ്പിക്കും. ഞാൻ എന്നെ വിലയിരുത്താൻ നോക്കാറില്ല. വിലയിരുത്തിയാൽ ഒന്നും എനിക്ക് ഇഷ്ടമല്ലാതെ ആകും. ഓരോ പ്രോഗ്രാം കഴിയുമ്പോഴും ഒരു ഇന്‍കംപ്ലീറ്റ് ഫീൽ ചെയ്യും അവിടെ കുറച്ചുകൂടി പെർഫക്ട് ആക്കാമായിരുന്നു എന്നു തോന്നും. അതുകൊണ്ടു തന്നെ ഞാൻ ഒരിക്കലും സ്വയം വിലയിരുത്തലുകള്‍ നടത്താറില്ല.
നല്ലപാട്ടുകളായിട്ടും വേണ്ടത്ര ശ്രദ്ധകിട്ടില്ല
മുൻനിര സംവിധായകരുെട കൂടെ സിനിമ ചെയ്യാൻ കഴിയാത്തതു കൊണ്ടല്ല വേണ്ടത്ര ശ്രദ്ധ കിട്ടാതിരുന്നതെന്നു ഞാൻ ഒരിക്കലും പറയില്ല. പുതിയതായി വരുന്ന എത്രയോ പേർ ചരിത്രം കുറിച്ചിട്ടുണ്ട്. സിനിമയുടെ കാര്യം നമുക്ക് പറയാൻ കഴിയില്ല. ചിലപ്പോള്‍ അങ്ങനെയായിരിക്കും ആ സിനിമയുടെ വിധി. പുതുമുഖ സംവിധായകരായത് ചിലപ്പോൾ പാട്ടുകളെയും ബാധിച്ചിരിക്കും. റേഡിയോയിൽ നിന്നൊക്കെ വിളിക്കുമ്പോൾ പാട്ട് നന്നായിരുന്നു, നിരവധി പേർ പാട്ട് ആവശ്യപ്പെട്ടു വിളിച്ചിരുന്നു എന്നെല്ലാം പറയാം. എല്ലാവരും പാട്ടു ചോദിക്കുന്നു എന്നു കേൾക്കുമ്പോൾ നമുക്ക് സന്തോഷം തോന്നും. അതുപോലെ പടം ശ്രദ്ധ നേടാതെ പോകുമ്പോൾ ചെറിയ ദുഃഖവും. സിനിമയ്ക്ക് എപ്പോഴും ഒരു വിധിയുണ്ടെന്നു കരുതുന്നു ഞാൻ.
സ്റ്റീഫൻ ദേവസ്സിയെ പിന്നീട് സംവിധായകർ വിളിച്ചില്ല
ഹരിഹരൻ പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിനു ശേഷമാണ് ഞാൻ മദ്രാസില്‍ വർക്ക് ചെയ്യാൻ പോകുന്നത്. മദ്രാസിലേക്കു പോയപ്പോൾ പിന്നീട് ഞാൻ അറിയപ്പെട്ടത് കീബോർഡ് പ്ലേയർ ആയിട്ടാണ്. അതുകൊണ്ടായിരിക്കണം ഞാൻ ചിലപ്പോൾ അതിൽ നിന്നും മാറി നിന്നത്. മ്യൂസിക് ചെയ്യുകയായിരുന്നെങ്കിൽ ഞാൻ ഒരുപക്ഷേ എറണാകുളത്തു തന്നെ നിൽക്കുമായിരുന്നു. പല ഡയറക്ടർമാരോടും ഞാൻ എനിക്കൊരു പടം തരാൻ പറ്റുമോ എന്നു ചോദിക്കുമ്പോൾ അവർ പറയും സ്റ്റീഫന് ഏതായാലും പ്രോഗ്രാമൊക്കെയല്ലേ. ഞങ്ങൾക്കു സ്റ്റീഫന്റെ പ്രോഗ്രാം വലിയ ഇഷ്ടമാണ്. അങ്ങനെ പറയുമ്പോൾ ഞാൻ ഓർക്കും അയ്യോ...അങ്ങനെയാണല്ലേ..അപ്പോ പടം തരില്ല അല്ലേ. എല്ലാവരോടും ഞാൻ ഇങ്ങനെ ചോദിക്കും. എല്ലാവരും എന്നെ കണ്ടിരിക്കുന്നത് പ്രോഗ്രാമുകളുടെ പേരിലാണ്. എന്റെ പാട്ട് ഒന്നു കേൾക്കൂ എന്നു പറഞ്ഞു പല ഡയറക്ടർമാർക്കും ഞാൻ ഹെഡ്ഫോൺ വച്ചു കേൾപ്പിച്ചിട്ടുണ്ട് പാട്ടുകൾ. എന്തെങ്കിലും അവസരമുണ്ടെങ്കിൽ കിട്ടുമെന്നു കരുതി. പിന്നീട് ഞാൻ അങ്ങോട്ടു പോയിട്ടില്ല. എനിക്കിഷ്ടമുള്ള ഡയറക്ടർമാരുടെ അടുത്തല്ലാതെ. അവരെ കാണുമ്പോൾ ഞാൻ പറയും. സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറയും. നല്ല മ്യൂസിക്കൽ സിനിമ വരുമ്പോൾ പറയാമെന്നായിരിക്കും അവരുടെ മറുപടി. ചിലപ്പോൾ ഏതെങ്കിലും ഒരു സിനിമ പെട്ടന്നു വരും. അങ്ങനെയാണ് നീരാളി വന്നത്. ആദ്യം ലാലേട്ടന്റെ സിനിമ കൂടി ആണെന്ന് അറിഞ്ഞപ്പോൾ ചാടി എടുത്തു.