ശബരിമലയിലെ 'ആ' ഹരിവരാസനം യേശുദാസിന്റേതല്ല...!

കണ്ണടച്ച് ഒരിക്കലെങ്കിലും ആ 'ഹരിവരാസനം' കേട്ടാൽ മനസ്സ് സന്നിധാനത്തിലെത്തുമെന്നു തീർച്ചയാണ്. യേശുദാസിന്റെ ഹരിവരാസനം കേൾക്കുമ്പോഴുണ്ടാകുന്ന ഭക്തിയുടെ നിറവിൽ അനന്ദ കണ്ണുനീരാൽ അയ്യപ്പ തൃപ്പാദം കഴുകുന്നവരാണ് കറകളഞ്ഞ ഭക്തർ. സ്വാമി അയ്യപ്പന്റെ ഉറക്കുപാട്ടാണ് ഹരിവരാസനം. എല്ലാദിവസവും നടയടയ്ക്കുന്ന സമയത്ത് ശബരിഗിരിയാകെ യേശുദാസിന്റെ സ്വരമാധുരിയിലുള്ള ഹരിവരാസനത്തിൽ ലയിച്ചു മിഴിയടയ്ക്കും. 

അയ്യപ്പന്റെ കാതിൽ ഒരു മന്ത്രം പോലെ 'ഹരിവരാസനം' പാടി ഉറക്കത്തിലേക്കു നയിക്കുന്ന ചിലരുണ്ട് സന്നിധാനത്ത്. ക്ഷേത്രത്തിലെ ശാന്തിക്കാരും സോപാനത്തുള്ളവരുമാണ് അയ്യപ്പനായി നിത്യവും ഹരിവരാസനം പാടുന്നത്.  അനവധി വർഷങ്ങളുടെ പഴക്കമുള്ള ഒരു ആചാരം. ശ്രീകോവിലിനുള്ളിലെ ഓരോ വിളക്കും അണച്ച് നട അടക്കുകയാണു പതിവ്. ഈ സമയത്താണ് ഹരിവരാസനം ആലപിക്കുക. ഈ ഹരിവരാസനം കേട്ടത്രേ ഭഗവാന്‍ ഉറങ്ങുന്നത്. യേശുദാസിന്റെ ഹരിവരാസനത്തിനു എത്രയോ കാലങ്ങൾക്കു മുൻപു തന്നെ ഈ രീതിയുണ്ടായിരുന്നു. ഇപ്പോഴും മുറതെറ്റാതെ ഈ ആചാരം തുടർന്നു വരുന്നു. 

ഹരിവരാസനം റീ റെക്കോർഡിങ് നടത്തണം എന്ന തീരുമാനം വന്നപ്പോൾ ഉയർന്നു വന്ന പ്രധാന ചോദ്യം സോപാനത്ത് ആലപിക്കുന്ന ഹരിവരാസനം ഉച്ചഭാഷിണിയിലൂടെ കേൾപ്പിച്ചാൽ പോരെ എന്നായിരുന്നു. സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ യേശുദാസ് ആലപിച്ച ഹരിവരാസനം എന്ന ഗാനം ക്ഷേത്രത്തിൽ അത്താഴപൂജയ്ക്കു ശേഷം കേൾപ്പിക്കാൻ അന്ന് തീരുമാനിക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് ശബരിഗിരിയാകെ എല്ലാ രാവിലും ഈ ഹരിവരാസനത്തിൽ ലയിക്കുകയാണ്. അയ്യപ്പ ഭക്തരുടെ മാത്രമല്ല, സംഗീത ആസ്വാദകരുടെ ആകെ പ്രിയപ്പെട്ടതായി മാറി യേശുദാസിന്റെ ഹരിവരാസനം.