മാതൃവാത്സല്യം ഏതു മക്കൾക്കാണു മറക്കാനാകുക. ഒരു നേരം വീട്ടിൽ അമ്മയില്ലെങ്കിൽ ഉണ്ടാകുന്ന അവസ്ഥയെ പറ്റി ചിന്തിക്കാൻ പോലും നമ്മളിൽ പലർക്കും കഴിയില്ല. കാരണം എത്ര വളർന്നാലും അമ്മയ്ക്കു മകനോ മകളോ എന്നും കുഞ്ഞായിരിക്കും. ബാല്യത്തിലെ അതേ വാത്സല്യമായിരിക്കും. വീട്ടിലേക്കു കയറുമ്പോൾ സ്വീകരിക്കാൻ അമ്മയുണ്ടാകുന്നതാണു മക്കളുടെ ഭാഗ്യവും. കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നു പറയുമ്പോലെയാണ്. അമ്മയുള്ളപ്പോൾ നമ്മൾ എത്ര സന്തോഷവാൻമാരായിരിക്കുമെന്നു മനസ്സിലാകണമെങ്കില്‍ ആ ഭാഗ്യം നഷ്ടമായവരോടു ചോദിച്ചാൽ മതി. അമ്മ എന്ന ഭാഗ്യം കൗമാരത്തിൽ നഷ്ടമായതിന്റെ നൊമ്പരം പങ്കു വെക്കുകയാണു സംഗീത സംവിധായകൻ ഇഷാൻ ദേവ്.
പതിനാറു വയസ്സുള്ളപ്പോഴാണു ഇഷാന് അമ്മയെ നഷ്ടമാകുന്നത്. ജീവിതത്തിലെ നിറങ്ങളെല്ലാം ഒറ്റനിമിഷം കൊണ്ടു ഇല്ലാതെയായ ആ നിമിഷത്തെ പറ്റി എഴുതുകയാണ് ഇഷാൻ. അമ്മ ഓർമയായ നിമിഷം ശിഥിലമായ കുടുംബവും, പിന്നീട് ഉണ്ടായ അതിജീവന പാതയിൽ താങ്ങായവരെയും തണലായവരെയും ഓർക്കുകയാണ് ഇഷാൻ. കൂട്ടത്തിൽ അക്കാലത്ത് താങ്ങായിരുന്ന അന്തരിച്ച വയലിൻസ്റ്റ് ബാലഭാസ്കറിനെയും ഓർക്കുന്നുണ്ട് ഇഷാന്‍. ബാലഭാസ്കറിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ഇഷാൻ.
ഒരുപക്ഷേ പേടിച്ചു ജീവിതം തന്നെ അവസാനിപ്പിക്കും എന്ന മനോനിലയിൽ നിന്ന് തന്നെ മാറ്റിയത് യൂണിവേഴ്സിറ്റി കോളജ് പഠനകാലും കൺഫ്യൂഷൻസ് എന്ന ബാന്റും ആണെന്നും ഇഷാൻ പറയുന്നു. ഇഷാന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം.
'എന്റെ അമ്മയുടെ ഓർമ്മ ദിവസം, 20 വർഷം മുന്നേ എല്ലാ സന്തോഷങ്ങളും നഷ്ട്ടപ്പെട്ടു. എന്റെ കുടുംബം ശിഥിലമായ നിമിഷം. ഒരു 16 കാരൻ എന്ത് ചെയ്യണം, എങ്ങോട്ടു നോക്കി ജീവിക്കണം, എന്ത് സ്വപനം കാണണം ഇതൊക്കെ മാഞ്ഞു പോയ നിമിഷം. എന്റെ ജീവിതത്തിന്റെ അന്ധകാരങ്ങളെ വെളിച്ചത്തിലോട്ടു നയിച്ചത് , ഒരു പക്ഷെ പേടിച്ചു ജീവിതം തന്നെ അവസാനിപ്പിക്കും എന്ന ഒരു മനോനിലയിൽ നിന്ന് എന്നെ മാറ്റിയത് യൂണിവേഴ്സിറ്റി കോളേജ് പഠന കാലവും. അവിടെ എന്നോടൊപ്പം ഉണ്ടായ സുഹൃത്തുക്കളും ആണ്. ഞങ്ങളുടെ കൺഫ്യൂഷൻബാൻഡും, ബാലു അണ്ണനും എന്നിലെ കലാവാസനയും ആവേശവും തിരിച്ചറിഞ്ഞു...
ഇന്നുവരെ ഞാൻ എന്റെ സന്തോഷങ്ങളിലെല്ലാം അമ്മയുടെ പ്രാർഥനയ ഉണ്ടെന്നു വിശ്വസിക്കുന്നു. മരിക്കും വരെ ഒരു സങ്കടം ബാക്കി നിൽക്കും. എന്റെ അമ്മ ഞാൻ ഒരു ടീവിയിലോ, ,റേഡിയോയിലോ, സിനിമയിലോ, വലിയ സ്റ്റേജിലോ പാടുന്നത് കണ്ടിട്ടോ, കേട്ടിട്ടോ ഇല്ല. സങ്കടം ഉറഞ്ഞു മനസ്സ് ഉറച്ചുപോയി എന്നൊക്കെ തോന്നാറുണ്ട്. നഷ്ടങ്ങൾ ജീവിതത്തിന്റെ വില മനസിലാക്കിക്കുന്നു. എല്ലാം കടന്നു പോകും. Go on
"ഞാനുറങ്ങാൻ ഞാനുണരാൻ
നോമ്പു നോറ്റ നെഞ്ചകമേ
നെറുകയിലായ് ഉമ്മനല്കി
ആരീരാരം ചൊന്നവളെ"
Miss you Amma ..love you, c u in heaven