കാലങ്ങൾക്കിപ്പുറം വീണ്ടും ശ്രീകുമാറും സുജാതയും; 90കളെ ഓർമിപ്പിക്കും ഈ ഗാനം

പാട്ടിന്റെ വസന്തകാലം തീര്‍ത്തിരുന്ന 80, 90 കാലഘട്ടങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകും നിത്യഹരിത നായകനിലെ ഗാനം. നീലരാവിലായ് എന്നു തുടങ്ങുന്ന ഗാനത്തിന്റെ ഈണം രാവിന്റെ ചാരുതയിലേക്കു ആസ്വാദക ഹൃദയങ്ങളെ നയിക്കുന്നു. എം.ജി. ശ്രീകുമാറും സുജാതയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. കലികയുടെ വരികൾക്കു രഞ്ജിൻ രാജ് സംഗീതം പകർന്നിരിക്കുന്നു. 

വർഷങ്ങള്‍ക്കു ശേഷം സുജാതയും എം.ജി. ശ്രീകുമാറും ഒരുമിച്ചു പാട്ടു പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. മനോഹരമായ സംഗീതവും വരികളുമാണു ഗാനത്തിന്റെ മറ്റൊരു പ്രത്യേകത. വീണ്ടും വീണ്ടു കേൾക്കാൻ തോന്നുന്നതാണ് ഈ പാട്ടെന്നാണു പലരുടെയും പ്രതികരണം. ഗാനം നമ്മെ സംഗീതത്തിന്റെ വസന്തകാലത്തിലേക്കു കൂട്ടിക്കൊണ്ടു പോകുമെന്ന അഭിപ്രായവും ഉണ്ട്. 

വിഷ്ണു ഉണ്ണികൃഷ്ണനാണു ചിത്രത്തിലെ നായകൻ. ധർമജൻ ബോൾഗാട്ടിയും മനു തച്ചേട്ടും ചേർന്നാണു ചിത്രം നിർമിച്ചിരിക്കുന്നത്. എ.ആർ. ബിനുരാജാണു നിത്യഹരിത നായകന്റെ സംവിധാനം.