എത്തി, തീയറ്ററിൽ കോളിളക്കം തീർക്കാൻ മോഹൻലാലിന്റെ ഒടിയൻ പാട്ട്

ഒടിയനിലെ സർപ്രൈസുകൾ ഓരോന്നായി പുറത്തുവരികയാണ്. ചടുലതാളവുമായി എത്തുകയാണ് രണ്ടാമത്തെ ഗാനം. മോഹൻലാൽ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ വരവ് ഈ ഗാനത്തോടെയാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.

പ്രഭാവർമ്മയുടെ വരികൾക്ക് എം. ജയചന്ദ്രനാണു സംഗീതം നൽകിയിരികുന്നത്. തീയറ്ററിൽ ഈ ഗാനം കോളിളക്കം സൃഷ്ടിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. നാടോടി താളത്തിൽ വ്യത്യസ്തമായ രീതിയിലാണു ഗാനത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഒടിയനിലെ ഓരോ ഗാനവും ഓരോ അനുഭവമാണെന്ന് ചിത്രത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ അറിയിച്ചു. 

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ഗാനം നേരത്തെ മികച്ച പ്രതികരണം നേടിയിരുന്നു. സുദിപ് കുമാറും ശ്രേയ ഘോഷാലും ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മികച്ച പ്രതികരണമായിരുന്നു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ആദ്യഗാനം പോലെതന്നെ മോഹൻലാൻ പാടിയ പുതിയ ഗാനവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 

ഒടിയൻ മാണിക്യന്റെയും പ്രഭയുടെയും കഥ പറയുന്ന ചിത്രം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. വി.എ. ശ്രീകുമാര മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് ഹരികൃഷ്ണനാണ്. ഡിസംബർ 14 ന് ചിത്രം തീയറ്ററുകളിലെത്തും.