ദീപിക രൺവീർ വിവാഹത്തിനു ശേഷം ബോളിവുഡ് ഉറ്റുനോക്കിയ വിവാഹമായിരുന്നു നിക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ജോധ്പൂരിലായിരുന്നു ബോളിവുഡ് താരസുന്ദരി പ്രിയങ്കാ ചോപ്രയുടെയും പ്രശസ്ത പോപ് ഗായകൻ നിക് ജോനാസിന്റെയും വിവാഹം. എന്നാൽ നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുെടയും ദാമ്പത്യ ജീവിതം സംബന്ധിച്ച് ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനിയുടെ പ്രവചനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
പ്രിയങ്കയോടൊപ്പമുള്ള ദാമ്പത്യ ജീവിതത്തിൽ നിക് ജോനാസിന് ജാഗ്രതയുണ്ടായിരിക്കണമെന്നു ജൂമാനി പറയുന്നു. ന്യുമറോളജി അനുസരിച്ചാണു പ്രവചനം. പ്രിയങ്ക ഒരു എടുത്തുചാട്ടക്കാരിയും ആധിപത്യ മനോഭാവമുള്ള സ്ത്രീയുമാണെന്നും ജുമാനി പറഞ്ഞു.
ജുമാനിയുടെ വാക്കുകൾ ഇങ്ങനെ: 'കന്നിരാശിക്കാരനാണ് നിക് ജോനാസ്. ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെത് ആധിപത്യ മനോഭാവവും എടുത്തു ചാട്ടവുമുള്ള പ്രകൃതമാണ്. അതുകൊണ്ടു തന്നെ നിക് ജോനാസ്അല്പം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഭൂമിയും ജലവുമാണ് പഞ്ചഭൂതങ്ങളിൽ ഇവരുടെ ചിഹ്നങ്ങൾ. അതിനാൽ തന്നെ ഇരുവരും മികച്ച പങ്കാളികളായിരിക്കും.'
യോഗയും പ്രാണായാമവും നിക്കിനായി ഉപദേശിക്കുകയാണെന്നും ജുമാനി അറിയിച്ചു. പ്രിയങ്കയെ ശാന്തയാക്കാൻ യോഗയും വ്യായാമവും സഹായിക്കും. നിക് ജോനാസ് എന്ന പേരിലെ ജോനാസ് പ്രിയങ്കയുടെ പേരിനു കൂടെ ചേർക്കുകയാണെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണെന്നുമാണ് പ്രവചനം.
നവദമ്പതികളോടു ചിലതു പറയാനുണ്ട് എന്നു പറഞ്ഞാണു ജുമാനിയുടെ പ്രവചനം. മുപ്പത്തിയാറാമത്തെ വയസ്സിൽ പ്രിയങ്കയുടെ വിവാഹം നടക്കുമെന്ന് 13 വർഷം മുൻപ് പ്രവചിച്ച വ്യക്തിയാണ് ജുമാനി. നാൽപ്പത്തിയഞ്ചാമത്തെ വയസ്സിൽ പ്രയങ്ക രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും ഏറെക്കുറെ വിജയം കൈവരിക്കുമെന്നും ജുമാനി പ്രവചിച്ചിരുന്നു.
ഒരു വർഷത്തെ പ്രണയത്തിനൊടുവിലാണ് പ്രിയങ്കാ ചോപ്രയും നിക് ജോനാസും വിവാഹിതരായത്. കഴിഞ്ഞ വർഷത്തെ മെറ്റ് ഗാലെ വേദിയിൽ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്. നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയം ആരാധകർ ഏറ്റെടുത്തു. നിരവധി പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു എങ്കിലും വിവാഹ നിശ്ചയം വരെ പ്രണയം അവർ പരസ്യമാക്കിയില്ല. രണ്ടുമാസം മുൻപായിരുന്നു പ്രിയങ്കയുടെയും നിക് ജോനാസിന്റെയും വിവാഹ നിശ്ചയം. മുംബൈയിലെ പ്രിയങ്കയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. തുടർന്ന് ഡിസംബർ ഒന്ന് രണ്ട് തീയതികളിൽ ജോധ്പൂർ ഉമൈബാൻ കൊട്ടാരത്തിൽ വച്ച് ക്രിസ്ത്യൻ ഹിന്ദു ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഡെൽഹിയിൽ നടത്തിയ റിസപ്ക്ഷനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവർ പങ്കെടുത്തിരുന്നു.