മോഹൻലാൽ ചിത്രം ഒടിയൻ തീയറ്ററുകളിലെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ചിതത്തിലെ ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ പങ്കുവച്ച് എം. ജയചന്ദ്രന്‍. മാനം തുടുക്കണ് എന്ന ഗാനത്തിന്റെ ശ്രേയ ഘോഷാൽ പാടുന്ന വിഡിയോയാണ് ജയചന്ദ്രൻ പങ്കുവച്ചത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിഡിയോ.
ഏതാനു ദിവസങ്ങൾക്കു മുന്‍പ് റിലീസ് ചെയ്ത ഗാനം യുട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതായിരുന്നു. 2.4 മില്യൺ ആളുകളാണ് ഗാനം യൂട്യൂബിൽ കണ്ടത്. ഒടിയൻ നാളെ തീയറ്ററുകളിലെത്തും. ഈ അവസരത്തിൽ ഗാനം ഹൃദയത്തിലേറ്റിയ ആരാധകർക്കായി ഒരു സമ്മാനം എന്ന കുറിപ്പോടെയാണു ഗാനത്തിന്റെ റെക്കോർഡിങ് വിഡിയോ എം. ജയചന്ദ്രൻ പറഞ്ഞു.
ഇതിനിടെ ചിത്രത്തിലെ മുഴുവൻ ഗാനങ്ങളുടെയും ഓഡിയോ യൂട്യൂബില്‍ എത്തി. അഞ്ചു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. മോഹൻലാൽ, ശങ്കർ മഹാദേവൻ, എം.ജി. ശ്രീകുമാർ, ശ്രേയ ഘോഷാൽ, സുദീപ് കുമാർ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, പ്രഭാവർമ, ലക്ഷ്മി ശ്രീകുമാർ എന്നിവരുടെതാണു വരികള്‍.
ലോകമെമ്പാടുമായി മൂവായിരത്തിയഞ്ഞൂറു സ്ക്രീനുകളിലാണ് ഒടിയന്റെ പ്രദർശനം. ഇരുനൂറു കോടി ക്ലബിൽ ഇടം നേടുമെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്ന ഒടിയൻ റിലീസിനു മുൻപുതന്നെ നൂറുകോടി ക്ലബിൽ ഇടം നേടി. നാളെ പുലർച്ചെ നാലരയ്ക്കാണ് ആദ്യ ഷോ.
സമീപകാലത്ത് ഒരു മലയാള ചിത്രത്തിനും ലഭിക്കാൻ വൻസ്വീകാര്യതയുമായാണ് ഒടിയൻ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ, മഞ്ജു വാര്യർ, പ്രകാശ് രാജ് എന്നിവരുടെയെല്ലാം കരിയർ ബെസ്റ്റ് ചിത്രമായിരിക്കുമെന്നു സംവിധായകൻ ശ്രീകുമാര മേനോൻ അടിവരയിടുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണു ചിത്രം പ്രദർശനത്തിനെത്തുന്നത്.