'ഒടിയനെ' പരിഹസിച്ചവർക്കു തെറ്റിയോ? 'കൊണ്ടോരാം' പാട്ടിൽ അതിസുന്ദരിയായി മഞ്ജു

ഒടിയനിലെ 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനത്തിന്റെ വിഡിയോ എത്തി. രാത്രിയുടെ എല്ലാ മനോഹാരിതയും ദൃശ്യവത്കരിക്കുന്നതാണു ഗാനരംഗങ്ങൾ. സുദീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും മനോഹരമായ ആലാപനം. റഫീഖ് അഹമ്മദിന്റെ വരികൾക്ക് എം. ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു. 

'ഒടിയൻ' പുറത്തിറങ്ങും മുൻപു തന്നെ ചിത്രത്തിലെ ഗാനങ്ങളെല്ലാം ആസ്വാദക ഹൃദയം കവർന്നിരുന്നു. ചിത്രത്തിലേതായി ആദ്യം പുറത്തു വന്ന ഗാനവും 'കൊണ്ടോരാം കൊണ്ടോരാം' ആണ്. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങില്‍ ഇടംപിടിച്ചിരുന്നു ഗാനം. മനോഹരമായ വരികളും ആലാപനവും ഗാനത്തെ പ്രിയപ്പെട്ടതാക്കി. ഇപ്പോൾ പുറത്തുവന്ന ഗാനത്തിന്റെ വിഡിയോയും മികവു പുലർത്തുന്നതു തന്നെയാണ്. അതിസുന്ദരിയായി മഞ്ജു വാര്യർ എത്തുന്നു എന്ന പ്രത്യേകതയും ഗാനരംഗങ്ങൾക്കുണ്ട്. 

ഏറ്റവും കൂടുതൽ കാത്തിരുന്നത് ഈ ഗാനത്തിന്റെ ദൃശ്യാവിഷ്കാരം കാണാനാണെന്നാണു പലരുടെയും കമന്റുകൾ. ചിത്രത്തിനെതിരായ ട്രോളുകൾ കണ്ടപ്പോൾ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാല്‍ ഗാനം ചിത്രീകരിച്ചതില്‍ സംവിധായകൻ നിരാശപ്പെടുത്തിയില്ലെന്ന അഭിപ്രായവും ഉണ്ട്. ഒടിയനിലെ പാട്ടുകൾ ഗംഭിരം എന്നു തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. 

ഈ ഗാനത്തിന്റെ വരികളെ പറ്റി റഫീഖ് അഹമ്മദിന്റെ വാക്കുകൾ ഇങ്ങനെ: 'ഞാനെഴുതി എന്നതുകൊണ്ട് ഈ ഗാനത്തിന്റെ ക്രഡിറ്റ് എനിക്ക് എടുക്കാനാകില്ല. കാരണം ഇതൊരു കൂട്ടായ്മയിൽ പിറന്ന ഗാനമാണ്. ഞാനും ജയചന്ദ്രനും ശ്രീകുമാറും ഒരുമിച്ചിരുന്നാണ് വരികൾ കണ്ടെടുത്തത്. ജയചന്ദ്രൻ ആദ്യം ഈണം വായിച്ചു. ആ ഈണത്തിനുള്ള വരികൾ എഴുതി. അങ്ങനെ എല്ലാവരും ഒരുമിച്ചു ചേർന്നിരുന്നാണ് ഈ പാട്ടു പിറന്നത്.'

ഗായകൻ സുദീപ് കുമാറിന്റെ കരിയറിലെ ഏറ്റവും മികച്ച ഗാനങ്ങളുടെ  പട്ടികയിൽ 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനവും ഇടംപിടിച്ചെന്ന് ഉറപ്പാണ്. റെക്കോര്‍ഡിങ് കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ ഗാനം എത്തിയതെന്നു സുദീപ് കുമാറും പറഞ്ഞു. ഇത്രയും മനോഹരമായ ഗാനം പാടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒടിയന്റെ വാക്കുകളിലൂടെയായിരുന്നു ഗാനത്തിന്റെ ഓഡിയോ എത്തിയത്. ഏതായാലും  ഓഡിയോ ഏറ്റെടുത്ത പോലെ തന്നെ വിഡിയോയും നെഞ്ചേറ്റിയിരിക്കുകയാണ് ആസ്വാദകർ.