ബംഗാളി പാട്ടും, ഞാറുനടീലും; ഫഹദ് നിങ്ങളൊരു സംഭവമാണ്...!

ഞാറുനടലും ബംഗാളി ഞാറ്റുപാട്ടുമായി പ്രേക്ഷകമനസ്സിൽ ഇടം നേടുകയാണ് ഫഹദിന്റെ പ്രകാശൻ എന്ന കഥാപാത്രം. ഇതൊടൊപ്പം സമൂഹമാധ്യമങ്ങളിൽ തരംഗമായി 'ഞാൻ പ്രകാശനി'ലെ ബംഗാളി ഗാനം. കേരളത്തിലെ വയലുകളിൽ ജോലി ചെയ്യുന്ന ബംഗാളികളും,  ഇവർക്കിടയിൽ ജോലി ചെയ്യാൻ നിർബന്ധതനാകുന്ന ഫഹദ് അവതരിപ്പിക്കുന്ന പ്രകാശൻ എന്ന കഥാപാത്രത്തിന്റെ മാനസീകാവസ്ഥയുമാണു ഗാനത്തിന്റെ പ്രമേയം. വരികൾ എഴുതിയതും ആലപിച്ചതും സ്വാതകി ബാനർജിയാണ്. ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു.  

തീയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് സത്യൻ അന്തിക്കാട് ചിത്രം 'ഞാൻ പ്രകാശന്'‍. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ. ശ്രീനിവാസന്റെയും ഫഹദിന്റെയും സംഭാഷണ ശകലത്തിലൂടെയാണു ഗാനം തുടങ്ങുന്നത്. നമ്മുടെ പാടങ്ങളിലെല്ലാം ഇപ്പോള്‍ കേൾക്കുന്നത് ബംഗാളിനഞാറ്റുപാട്ടുകളാണെന്നാണ് ശ്രീനിവാസന്റെ ഡയലോഗ്. ബംഗാളികൾക്കൊപ്പം ഞാറുനടാൻ നിർബന്ധിതനാകുകയാണ് ഫഹദിന്റെ പ്രകാശൻ എന്ന കഥാപാത്രം. നാട്ടിലെ വയലുകളിൽ പണിയെടുക്കാൻ മലയാളി കാണിക്കുന്ന വിമുഖതയാണു ഗാനത്തിലൂടെ ചിത്രീകരിക്കുന്നത്. 

റിലിസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ ഗാനം യൂട്യൂബ് ട്രന്റിങ്ങിൽ ഇടംനേടി. രണ്ടരലക്ഷത്തിലധികം ആളുകൾ ഗാനം കണ്ടുകഴിഞ്ഞു. ഏതു കഥാപാത്രവും തനിക്ക് അനായാസം വഴങ്ങുമെന്നു ഫഹദ് തെളിയിക്കുകയാണെന്നാണ് ആരാധകരുെട പ്രതികരണം. 

ക്രിസ്മസിന് ഇറങ്ങിയ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് സത്യൻ അന്തിക്കാടിന്റെ 'ഞാൻ പ്രകാശൻ'. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രകാശൻ നമ്മളിൽ ഒരാളായി മാറിയിരുന്നു. നിഖില വിമലാണു ചിത്രത്തിലെ നായിക.