ഫഹദിന് അഭിനയിക്കാനറിയില്ല, ജീവിക്കുകയാണ്; പെരുത്തിഷ്ടം പ്രകാശൻ

തീയറ്ററിൽ തരംഗം തീർക്കുകയാണ് ഫഹദ് ഫാസിൽ നായകനായി എത്തിയ സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശൻ. ചിത്രത്തിലെ ഓമൽതാമര എന്ന ഗാനവും ഫഹദ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഹരിനാരായണന്റെ വരികൾക്കു ഷാൻ റഹ്മാനാണു സംഗീതം നൽകിയിരിക്കുന്നത്. മഴവിൽ മനോരമ സൂപ്പർ ഫോറിലൂടെ പ്രേക്ഷകർക്കു സുപരിചിതനായ യദു എസ്. മാരാരും ഷാന്‍ റഹ്മാനും ചേർന്നാണു ഗാനം ആലപിച്ചത്. 

ട്രന്റിങ്ങിൽ ഇപ്പോൾ അഞ്ചാമതാണു ഗാനം. മികച്ച പ്രതികരണമാണു ഗാനത്തനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. മൂന്നരലക്ഷത്തിലധികം ആളുകൾ ഇതിനോടകം തന്നെ ഗാനം കണ്ടുകഴിഞ്ഞു. ഫഹദ് യഥാർഥത്തിൽ ജീവിക്കുകയാണെന്നാണു ആരാധകരുടെ അഭിപ്രായം. 

നേരത്തെ ചിത്രത്തിലേതായി പുറത്തു വന്ന ബംഗാളി ഞാറ്റു പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. വൈറ്റ് കോളർ ജോബ് മാത്രം തിരയുന്ന മലയാളിയുടെ നിലപാടിനെ പരിഹസിക്കുംവിധമാണു ബരേ ബരേ എന്നു തുടങ്ങുന്ന ഗാനം. ബംഗാളി പാട്ടിന്റെ വരികൾ എഴുതിയതും ആലപിച്ചിരിക്കുന്നതും സ്വാതകി ബാനർജിയാണ്. 

നിഖില വിമലാണു ചിത്രത്തിലെ നായിക. ശ്രീനിവാസൻ, കെപിഎസി ലളിത, ദേവിക സഞ്ജയ്, അഞ്ജു കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ വരുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. അച്ഛനെ തിരിച്ചു കൊണ്ടു വന്നതിൽ സത്യൻ അന്തിക്കാടിന് നന്ദി പറഞ്ഞ് വിനീത് ശ്രീനിവാസിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. മികച്ച കുടുംബചിത്രമാണ് ഞാൻ പ്രകാശൻ എന്നാണ് ചിത്രത്തിനു ലഭിക്കുന്ന പ്രേക്ഷക പ്രതികരണം. റെക്കോഡ് കളക്ഷനാണ് ഞാൻ പ്രകാശനെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.