പ്രണയം ചിലപ്പോൾ മഞ്ഞുതുള്ളി പോലെ മൃദുലമാകും. അത്തരത്തിൽ മനോഹരമായ പ്രണയവുമായി എത്തുകയാണ് കുഞ്ചാക്കോബോബൻ. തട്ടുംപുറത്ത് അച്യുതനിലെ പുതിയ ഗാനത്തിലാണ് നനുത്ത പ്രണയവുമായി മലയാളിയുടെ പ്രിയപ്പെട്ട ചാക്കോച്ചൻ എത്തുന്നത്.
'നെഞ്ചുനുള്ളിലാകെ മഞ്ഞുപെയ്യും പോലെ' എന്നു തുടങ്ങുന്ന ഗാനം എത്തുന്നത് ആസ്വാദക ഹൃദയത്തിലേക്കാണ്. മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റേത്. ഗ്രാമത്തിന്റെ നൻമയും വിശുദ്ധിയും നിറയുന്നതാണു ദൃശ്യങ്ങൾ. വിണ്ടും കാണാൻ തോന്നും വിധമാണു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നാണു ചിലരുടെ അഭിപ്രായം.
അനിൽ പനച്ചൂരാന്റെ വരികൾക്കു ദീപാങ്കുരനാണു സംഗീതം പകർന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെയും രാധിക നാരായണന്റെയും മനോഹര ആലാപനം. ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപാങ്കുരന്റെ സംഗീതത്തെ പ്രശംസിക്കുന്നവരാണ് ഏറെയും. രവീന്ദ്രൻ മാഷിന്റെ പിൻഗാമിയാകും ദീപാങ്കുരൻ എന്നാണു ചിലരുടെ കമന്റുകൾ.
ശ്രാവണയാണു ചിത്രത്തിലെ നായിക. നെടുമുടി വേണു, ഹരിഷ് കണാരൻ, ബിജു സോപാനം. എന്നിവരെ കൂടാതെ മഴവിൽ മനോരമ നായിക നായകൻ ഷോയിലെ മാളവിക, റോഷൻ, വിശ്വ, തേജസ്, വെങ്കിടേഷ്, ആൻസലിം, മീനാക്ഷി, സിദ്ധി, നിവിൻ എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ലാൽ ജോസ് ആണ് ചിത്രത്തിന്റെ സംവിധാനം. കോമഡി എന്റർടെയിൻമെന്റ് കാറ്റഗറിയിൽപെടുന്ന ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണു ലഭിക്കുന്നത്.