വേദിയിൽ വച്ച് പാട്ടിന്റെ വരി മറന്ന് ലോക പ്രശസ്ത ഗായിക

ഒരായിരം പ്രാവശ്യം പാടി പരിചയമുണ്ടെങ്കിലും വേദികളെപ്പോഴും ഭയപ്പെടുത്താറുണ്ടെന്നാണ് മുതിർന്ന ഗായകരെല്ലാം പറയാറ്. അത് സ്വന്തം പാട്ടാണെങ്കിൽ കൂടി എവിടെയോ ഒരു പേടി നിലനിൽക്കുമത്രേ. ആ പേടിയോട് ഇനി അതിശയം വേണ്ട. ഇതാ ഇവിടെ ഗ്രാമി അവാർഡുകൾ വാരിക്കൂട്ടിയ ഗായിക വേദിയില്‍ നിന്ന് വിറച്ചു. വരികൾ മറന്നതാണ് കാരണം. അതും സ്വന്തമായി എഴുതി ഈണമിട്ട് പാടി ലോകത്തെ കേൾപ്പിച്ച പാട്ടിന്റെ വരികൾ. ഗായികയുടെ പേര് അഡീൽ. ലണ്ടനിൽ നടന്ന പരിപാടിക്കിടെയായിരുന്നു സംഭവം. ഇതാദ്യമായല്ല അഡീലിനിത് സംഭവിക്കുന്നത്. മില്യൺ ഇയേഴ്സ് എഗോ എന്ന പാട്ടിന്റെ വരികളാണ് അഡീൽ മറന്നുപോയത്.

കാണികളുടെ പക്വമായ പെരുമാറ്റം അഡീലിനെ രക്ഷിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ. പാടിത്തുടങ്ങി കാണാനെത്തിയവരെ കയ്യിലെടുത്ത് പാടിത്തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് അഡീലിന് തെറ്റുപറ്റിയ കാര്യം മനസിലായത്. അപ്പോൾ തന്നെ ക്ഷമാപണം നടത്തി. മിനുറ്റുകൾക്കകം പാടിത്തുടങ്ങി. വരികൾ മറന്നെങ്കിലും അഡീലിന്റെ ഷോ അസാധ്യമായിരുന്നുവെന്നാണ് പ്രേക്ഷക പക്ഷം.

അഡീലിൽ നിന്ന് കിട്ടിയ മറ്റൊരു നല്ല അനുഭവമായിട്ടാണ് അവര്‍ വരികള്‍ മറന്ന സംഭവത്തെ കാണുന്നത്. കോപൻഹേഗൻ,മാഞ്ചസ്റ്റർ, ബോസ്റ്റൺ എന്നിവിടങ്ങളിൽ നടന്ന പരിപാടികൾക്കിടെയെല്ലാം ഇതുപോലെ സംഭവിച്ചിരുന്നു. അന്നും ഇതുപോലെ ഓർക്കസ്ട്രയെ കൊണ്ട് ഒന്നുകൂടി ചെയ്യിപ്പിക്കുകയായിരുന്നു ഗായിക ചെയ്തത്. തെറ്റ് കണ്ടെത്തിയാൽ അത് കാണാതെ നടിച്ച് പാടിപ്പോകുന്ന രീതിയല്ല അഡീലിന്റേത്. അതുതന്നെയാണ് അവരെ വീണ്ടും വീണ്ടും പ്രിയപ്പെട്ടതാക്കുന്നതും. 

25 എന്ന ആൽബത്തിലെ ഹലോ എന്ന പാട്ടിലൂടെയാണ് ലോകത്തിന്റെ ശ്രദ്ധ അഡീൽ നേടിയത്. 24 മണിക്കൂറിനുള്ളിൽ ലോകം ഏറ്റവുമധികം വീക്ഷിച്ച ഗാനമെന്ന പദവി ഇപ്പോഴും ഈ പാട്ടിനാണ്.