പ്രതിഭയുടെ പ്രതിരൂപമാണ് താനെന്ന് ബിഗ് ബി പലതവണ നമുക്ക് മുന്നിൽ തെളിയിച്ചതാണ്. എങ്കിലും അദ്ദേഹം അഭിനയത്തിനപ്പുറം ചെയ്യുന്ന എന്തും നമുക്കിന്നും കൗതുകം തന്നെ. അതുകൊണ്ടാണ് വാസിറിൽ അദ്ദേഹം പാടുന്നുവെന്ന വാർത്ത ഇത്രയേറെ ശ്രദ്ധയാകർഷിക്കുന്നത്. വാസിറെന്ന പുതിയ ചിത്രത്തിൽ ഫർഹാൻ അക്തറിനൊപ്പം അമിതാഭ് ബച്ചനും പാടുകയാണ്.
ഫർഹാനൊപ്പം പാടാൻ മൈക്കിനു മുന്നിൽ നിൽക്കുന്ന ദൃശ്യം ബിഗ് ബി തന്നെയാണ് പുറത്തുവിട്ടത്. സോങ് റെക്കോർഡിങ് ഫോർ വാസിർ എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രമെത്തിയത്. അത്‌രങി യാരി എന്ന പാട്ടിലാണ് ബിഗ് ബിയും ഫർഹാനും പാടുന്നത്. മുംബൈയിലാണ് പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയാക്കിയത്.
രണ്ടു കൂട്ടുകാരുടെ കഥ പറയുന്ന ചിത്രമാണ് വാസിർ. ചിത്രത്തിന്റെ പ്രൊമോയ്ക്കായി പുറത്തുവിട്ട ചിത്രത്തിൽ ബിഗ് ബിയും ഫർഹാനും സ്റ്റ്യുഡിയോയിൽ നിന്ന് പാടുന്ന രസകരമാ ദൃശ്യങ്ങളുണ്ട്. ഗിത്താറും കയ്യിൽ പിടിച്ചാണ് ഫർഹാൻ അക്തർ നിൽക്കുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന വിധു വിനോദ് ചോപ്ര ചിത്രമാണ് വാസിർ.