Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലഭാസ്കറിന്റെ മനസിൽ തൊട്ട് ബച്ചൻ

balabhaskar-with-big-b

ഒരു ദീപാവലി ആഘോഷത്തിന്റെ ഭാഗ‌മായി വയലിൻ മീട്ടുകയായിരുന്നു ബാലഭാസ്കർ. എപ്പോഴത്തേയും പോലെ ആത്മാവിൻ രാഗമാകുന്ന വായന. അവസാന ഈണവും വായിച്ചു വേദിവിട്ട ശേഷം അതിഥികളിൽ ഒരരാളടുത്തേക്കു ബാലഭാസ്കർ എത്തി. അദ്ദേഹവും ബാലഭാസ്കറിനോടു സംസാരിക്കുവാൻ തയ്യാറായിട്ടാകും ഇരുന്നിട്ടുണ്ടാകുക. രിക്കയായിരുന്നിരിക്കണം. കുറച്ചു നേരത്തെ വർത്തമാനത്തിനപ്പുറം ആ അതിഥി പറഞ്ഞു, എനിക്ക് നിങ്ങളുടെ ആൽബം വേണം. എവിടെ നിന്നു വാങ്ങാൻ കിട്ടും അതെന്ന്...സംസാരിക്കുന്നയാൾ ഒരു കാലത്ത് തന്റെ സ്വപ്നങ്ങളിലെ കഥാപാത്രങ്ങളിലൊന്നായിരുന്നു. അങ്ങനെയുള്ളൊരാളാണ് തന്റെയീ ചെറിയ കലാജീവിതത്തിലെ സൃഷ്ടികളിലൊന്നിനെ കുറിച്ച് ഒരു സാധാരണക്കാരനെ പോലെ സംസാരിക്കുന്നത്.

അങ്ങനെ പറയരുത്...ഞാൻ താങ്കൾക്ക് എന്റെ ആൽബങ്ങൾ അയച്ചു തരാം...ബാലഭാസ്കർ പറഞ്ഞു. ആ അതിഥിയുടെ പേര് അമിതാഭ് ബച്ചൻ എന്നാണ്. ദീപാവലി വിളക്കിനേക്കാൾ ചന്തമുള്ള ഒരോർമ വയലിന്റെ ഈ നല്ല ചങ്ങാതിക്ക് സമ്മാനിച്ചു കൊണ്ട് ബച്ചൻ അദ്ദേഹത്തെ കുറിച്ചൊരു കുറിപ്പെഴുതി ലോകത്തിനു വായിക്കാനും നൽകി...ബച്ചന്റെ ഏറ്റവും പുതിയ ബ്ലോഗിൽ മലയാളത്തിന്റെ ഈ പ്രിയ വയലിനിസ്റ്റിനെയും അദ്ദേഹത്തിന്റെ സംഗീതത്തേയും കുറിച്ചു കൂടി ബച്ചൻ എഴുതിയിട്ടുണ്ട്. 

തനിക്ക് ഏറ്റവും അടുപ്പമുള്ള ഒരു സ്വകാര്യ ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച ദീപാവലി ആഘോഷങ്ങളിലെ അതിഥിയായിരുന്നു ബാലഭാസ്കറും. എന്തായാലും ആഘോഷത്തിനെത്തുകയല്ലേ...അതിഥികളുമുണ്ട് ഏറെ. വയലിനും ഒപ്പം കൊണ്ടു വന്നു വായിക്കാമോ എന്ന് അവർ ചോദിച്ചപ്പോൾ ബാലഭാസ്കറിനും എതിർപ്പുണ്ടായിരുന്നില്ല. അമിതാഭ് ബച്ചൻ ഭാര്യ ജയാ ബച്ചൻ, ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുല്‍ക്കർ തുടങ്ങിയവരായിരുന്നു അതിഥികൾ....

അതിഥികൾ ഭക്ഷണം കഴിക്കുവാൻ തുടങ്ങിയ വേളയിലായിരുന്നു എന്റെ സംഗീത പരിപാടി. ബച്ചൻ സാറിനു മുൻപിൽ മുൻപ് ദുബായിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ചു കൊണ്ടാണ് പരിപാടി കേൾക്കുക. പക്ഷേ അമിതാഭ് ബച്ചൻ ഒരിക്കലും അങ്ങനെ ചെയ്യാറില്ല. പാട്ടു കേള്‍ക്കേണ്ടത് എങ്ങനെയാണെന്ന് പാട്ടു പോലെ മനോഹരമായ വാക്കുകളിലൂടെ പലവട്ടം അദ്ദേഹം സംസാരിച്ചിട്ടുണ്ട്. അതുപോലെയായിരുന്നു അന്നു. ഇത്രയും വലിയ താരനിരയ്ക്കു മുൻപിൽ വയലിൻ മീട്ടിയപ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് അവരുടെ ആ മര്യാദയാണ്. ഒരു കലാകാരന്റെ അവതരണത്തെ എങ്ങനെയാണു നമ്മൾ സമീപിക്കേണ്ടതെന്നതിന്റെ ഉത്തമ ഉദാഹരണം. ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമായി ഇതു മാറുന്നത് ഇങ്ങനെയാണ്. എന്റെ വയലിൻ വായന തുടങ്ങിയതു മുതൽ അവസാനം വരെ ചിരിച്ച മുഖത്തോടെ, ഏറെ അഭിനന്ദനങ്ങളോടെയാണ് അദ്ദേഹവും മറ്റെല്ലാം അതിഥികളും ആസ്വദിച്ചത്.

ദുബായിലെ പരിപാടി കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ റൂമിലേക്കു വിളിപ്പിച്ചു സംസാരിച്ചിരുന്നു. അന്നും ബ്ലോഗിൽ എഴുതുകയുണ്ടായി. മുംബൈയും എന്റെ സംഗീതം അറിയണമെന്നും അവിടേക്കെത്തണമെന്നും അന്നു പറഞ്ഞിരുന്നു. ഇത്തവണ കണ്ടപ്പോഴും ആ സംസാരത്തിന് ആഴമേറെ...എന്നോടു പറയുകയാണ് അദ്ദേഹത്തിന് എന്റെ മ്യൂസിക് ആൽബം വേണം എവിടെ നിന്നു കിട്ടുമെന്ന്...എന്താണു പറയേണ്ടതു ഞാൻ‌. ആകെ കുറച്ച് ആൽബങ്ങൾ മാത്രമാണ് ഞാൻ പൂർത്തിയാക്കിയിട്ടുള്ളത്...അത് അദ്ദേഹത്തിന് അയച്ചു കൊടുക്കണം. ബാലഭാസ്കർ പറഞ്ഞു.

സച്ചിൻ ടെൻഡുൽക്കറിനു മുൻപിൽ ഇതാദ്യമായിട്ടായിരുന്നു എന്റെ വയലിൻ വായന. മുൻപിൽ നിന്നിരുന്ന ഫോട്ടോഗ്രാഫറോട് ഒന്നു മാറി നിൽക്കൂ എനിക്കീ വായന കാണണം, എന്നു പറയുന്നുണ്ടായിരുന്നു അദ്ദേഹം. കേൾക്കുന്നവർക്ക് ഇതൊരു സാധാരണ സംഭവമായിരിക്കും. പക്ഷേ ഒരു കലാകാരനുള്ളിൽ അതു നിറയ്ക്കുന്ന സന്തോഷം കുന്നോളമാണ്. എല്ലാത്തിനേക്കാളുമുപരി എന്നെ അത്ഭുതപ്പെടുത്തിയത് ഇവരുടെയൊക്കെ വിനയമാണ്. ഒരു കാലത്ത് ഞാൻ അത്ഭുതത്തോടെ നോക്കി നിന്നവർ സാധാരണ മനുഷ്യരെ  പോലെ സംസാരിച്ചപ്പോൾ വിശ്വസിക്കുവാനേ സാധിച്ചില്ല. 

ഒരു വലിയ തിരക്കിലാണിപ്പോൾ...ഒരു വലിയ സംഗീത പരിപാടി ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ്. സാങ്കേതിക വിദ്യയെ ഏറ്റവും മനോഹരമായി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു പരിപാടി...എഴുപത്തിയഞ്ചു ശതമാനവും എന്റെ സംഗീതം തന്നെയാണ്. ബാക്കി എന്റെ ഇതുവരെയുള്ള ജീവിതത്തിനിടയിൽ ഞാൻ കേട്ട് ഇഷ്ടപ്പെട്ടവയും.... ബാലഭാസ്കർ കുറച്ചു നേരത്തെ മൗനത്തിനപ്പുറം മുൻപെ എപ്പോഴോ വായിച്ച ഒരു പാട്ട് ഒന്നു മൂളിത്തുടങ്ങി...