മനസു കീഴടക്കി ബഷീറിന്റെ പ്രേമലേഖനത്തിലെ പാട്ട്

മഞ്ഞിൻ മൂടുപടത്തിൽ ചിരിച്ചു നില്‍ക്കുന്നൊരു ചാമ്പക്കയുടെ ചേലുള്ള പാട്ട്. ബേപ്പൂർ സുൽത്താൻ, ബഷീർ കഥകളിലൂടെ വായിച്ചറിഞ്ഞ പ്രണയ കഥക്കൂട്ടിന്റെ നിഷ്കളങ്കതയുള്ള ഗാനം. ബഷീറിന്റെ പ്രേമലേഖനം എന്ന ചിത്രത്തിലെ പാട്ട് അത്രയേറെ കേൾവി സുന്ദരമാണ്. മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകൻ മോഹൻ സിത്താരയുടെ മകൻ വിഷ്ണുവിന്റെ ഈണത്തിലുള്ളതാണീ പാട്ട്. മുത്തുമണി പോലെ ചിരിക്കുന്ന ഈണവും പ്രണയ കുസൃതി നിറയുന്ന വരികളുമുള്ള ഗാനം ആരുടെ മനസിലും തങ്ങിനിൽക്കും. ചുണ്ടുകൾ മറക്കാതെ പാടി നിൽക്കും. 

സൂഫീ സംഗീതത്തിന്റെ താളം കൂടി ചേർത്ത പാട്ടിനു വരികൾ ആർ വേണു ഗോപാലിന്റേതാണ്. പാടിയത് സച്ചിൻ രാജും വിഷ്ണുവും ജോയേഷ് ചക്രവർത്തിയും ചേർന്ന്. ആകാശത്തിലെ കാണാക്കൂടാരത്തിൽ നിന്ന് കുറേ മുത്തുമണികൾ മുഖത്തേക്ക് പിന്നെ ഹൃദയത്തിലേക്ക് പെയ്തിറങ്ങുന്ന പോലെ തോന്നും പാട്ട് കേട്ടിരിക്കുമ്പോൾ. ആദ്യ കേൾവിയിൽ തന്നെ ആസ്വാദകന്റെ മനസു കീഴടക്കാൻ പാട്ടിനു കഴിയണം എന്നു പറയില്ലേ...ഈ പാട്ട് ആ വാദത്തെ അര്‍ഥവത്താക്കുകയാണ്. 

പാട്ടിന്റെ ടീസർ എത്തിയപ്പോൾ തന്നെ ഉറപ്പായിരുന്നു ഇത് ഹൃദയങ്ങൾ കീഴടക്കുമെന്ന്. മധുവും ഷീലയും വർഷങ്ങൾക്കു ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന കൗതുക കാഴ്ചയുള്ള പാട്ടിന് കിട്ടിയത് തൃമധുരമുള്ള സ്വീകാര്യതയാണ്. ഇരുവർക്കുമൊപ്പം ഫർഹാന്‍ ഫാസിലും സന അൽത്താഫുമുണ്ട്. പ്രണയത്തിന്റെ ഇന്നലെകളും ഇന്നും നാളെയുമൊക്കെ തേനൂറും നിമിഷങ്ങളായിരിക്കുമെന്ന് പറയുന്നു ദൃശ്യങ്ങൾ.