ശ്രീശാന്തിനെ നേരിട്ടു പരിചയമുണ്ടോ എന്നു ചോദിച്ചാൽ ‘അതെന്തൊരു ചോദ്യമാ’ എന്നു തറുതല പറഞ്ഞു ചിരിക്കുമെങ്കിലും സത്യത്തിൽ ടിവിയിൽ ക്രിക്കറ്റ് മാച്ച് കണ്ടുള്ള പരിചയമേ ഉള്ളൂ ദിവ്യയ്ക്ക്. എന്നാൽ ശ്രീശാന്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ പ്രണയഗാനം പാടാൻ അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ് ഇപ്പോൾ ദിവ്യ എസ്. മേനോൻ എന്ന യുവഗായിക. ശ്രീശാന്ത് നായകനായെത്തുന്ന ‘ടീം ഫൈവ്’ എന്ന ചിത്രത്തിലെ ‘നീലശംഖുപുഷ്പമേ’ എന്നു തുടങ്ങുന്ന ഗാനം ഇതിനകം യുട്യൂബിൽ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിക്കി ഗൽറാണിയാണ് ശ്രീശാന്തിന്റെ നായിക. ബി.കെ.ഹരിനാരായണന്റെ വരികൾക്കു സംഗീതം പകർന്നിരിക്കുന്നതു ഗോപി സുന്ദർ.
ടിവി ചാനലുകളിലെ മ്യൂസിക് ഷോകളിലൂടെയാണു ദിവ്യയുടെ മുഖം മലയാളികൾക്കു പരിചയം. ലൈവ് ഫോണിങ് പ്രോഗ്രാമുകൾക്കൊപ്പം ദിവ്യ മൂളിപ്പാടുന്ന പാട്ടുകൾ കേട്ടാണു മലയാളികൾ ദിവ്യയിലെ ഗായികയെ തിരിച്ചറിയുന്നത്. ചാനലിലെ പരിപാടി കാണാനിടയായ സംഗീതസംവിധായകൻ ഷാൻ റഹ്മാനാണു ദിവ്യയ്ക്ക് ആദ്യ സംഗീത ആൽബത്തിലേക്കുള്ള ക്ഷണവുമായെത്തുന്നത്. ക്യാംപസുകളിൽ ഹിറ്റായി മാറിയ വിനീത് ശ്രീനിവാസന്റെ ‘കോഫി അറ്റ് എംജി റോഡ്’ എന്ന ആൽബത്തിലൂടെ ദിവ്യയുടെ സ്വരം ആരാധകരെ നേടിയെടുത്തു. തുടർന്നും വിനീത് ശ്രീനിവാസൻ– ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽനിന്നാണു ദിവ്യയ്ക്കുള്ള പാട്ടവസരങ്ങൾ ഏറെയും കൈവന്നത്.
‘പട്ടണത്തിൽ ഭൂതം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള ചലച്ചിത്രഗാനലോകത്ത് ദിവ്യയുടെ തുടക്കം. തുടർന്നു ‘മലർവാടി ആർട്സ് ക്ലബ്’, ‘തട്ടത്തിൻ മറയത്ത്’ തുടങ്ങിയ ചിത്രങ്ങളിൽ പാടിയ മെലഡികൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ‘ബാംഗ്ലൂർ ഡേയ്സ്’ എന്ന ചിത്രത്തിനുവേണ്ടി വിജയ് യേശുദാസിനും സച്ചിൻ വാരിയർക്കുമൊപ്പം പാടിയ ‘തുടക്കം മാംഗല്യം തന്തുനാനേന’ എന്ന ഗാനമാണ് ദിവ്യയ്ക്ക് ഏറ്റവുമധികം ജനപ്രീതി നേടിക്കൊടുത്തത്. ‘ചാർലി’ എന്ന ചിത്രത്തിലെ ‘പുതുമഴയായ്’ എന്നു തുടങ്ങുന്ന ഗാനം ദിവ്യ പാടിയ ഇഷ്ടഗാനങ്ങളിലൊന്നാണ്. ‘ഇമ്മാനുവേൽ’, ‘സലാല മൊബൈൽസ്’, ‘ഗോഡ്സ് ഓൺ കൺട്രി’, ‘നമസ്തേ ബാലി’, ‘ഇവൻ മര്യാദരാമൻ’, ‘ജമ്നപ്യാരി’, ‘മാൽഗുഡി ഡേയ്സ്’, ‘കലി’, ‘ഷാജഹാനും പരീക്കുട്ടിയും’ അങ്ങനെ നീളുന്നു ദിവ്യ പാടിയ മലയാള ചിത്രങ്ങൾ.
മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഒട്ടേറെ പാട്ടുകൾ പാടിക്കഴിഞ്ഞു ദിവ്യ. സംഗീതസംവിധായകൻ പാടിത്തരുന്നത് അതുപോലെ ഏറ്റുപാടുന്നതിനപ്പുറം ഓരോ പാട്ടിലും ഒരു ‘ദിവ്യ ടച്ച്’ കൊണ്ടുവരണം എന്നതാണ് ഈ ഗായികയുടെ ആഗ്രഹം. അതിനുവേണ്ടി എത്രവട്ടം പാടുന്നതിനും ദിവ്യ റെഡി. പാട്ടുകൾ അർഥവും ഭാവവും മനസ്സിലാക്കി കൂടുതൽ നന്നായി പാടുന്നതിനു വേണ്ടി മറ്റു ഭാഷകൾ കൂടി പഠിക്കുന്നതിന്റെ തിരക്കിലാണിപ്പോൾ ദിവ്യ.
പരസ്യജിംഗിളുകൾ പാടുമ്പോൾ സിനിമാപ്പാട്ടുകളേക്കാൾ വ്യത്യസ്തമായ മറ്റൊരു ത്രില്ലാണു മനസ്സിലെന്നു ദിവ്യ പറയുന്നു. പാട്ടുകൾ മാത്രമല്ല ആഭരണനിർമാണത്തോടുമുണ്ട് ദിവ്യയ്ക്കു താൽപര്യം. ‘ജിംഗിൾസ്’ എന്ന ബ്രാൻഡിൽ ആഭരണങ്ങളുണ്ടാക്കി എക്സിബിഷനുകൾ സംഘടിപ്പിക്കുന്നതിലും ഈ യുവഗായിക സന്തോഷം കണ്ടെത്തുന്നു.തൃശൂർ സ്വദേശിയായ ദിവ്യയ്ക്ക് അമ്മയാണു സംഗീതഗുരു. ഏഴാം വയസ്സുമുതൽ അമ്മയ്ക്കൊപ്പം പാടിപ്പാടിയാണു ദിവ്യയുടെ പാട്ടുലോകത്തേക്കുള്ള കടന്നുവരവ്. തൃശൂർ കേരളവർമ കോളജിൽനിന്നു കൊമേഴ്സിൽ ബിരുദവും എറണാകുളം സെന്റ് തെരേസാസ് കോളജിൽനിന്നു ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തരബിരുദവും നേടിയശേഷവും സംഗീതത്തോടുള്ള ഇഷ്ടം ദിവ്യ മനസ്സിൽ കാത്തുസൂക്ഷിച്ചു. ഒഴിവുനേരങ്ങൾ കർണാടക സംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കാൻ നീക്കിവച്ചു.
ഇന്നും അടിപൊളിപ്പാട്ടുകളേക്കാൾ മെലഡികളോടാണു ദിവ്യയ്ക്കു പ്രിയം. കെ.എസ്.ചിത്രയുടെ കടുത്ത ആരാധികയായ ദിവ്യയുടെ ഏറ്റവും വലിയ ആഗ്രഹം എ.ആർ.റഹ്മാൻ ഈണമിട്ട ഒരു പാട്ട് പാടണമെന്നാണ്. ആ സ്വപ്നം സഫലമാകുന്നതിനുള്ള കാത്തിരിപ്പിലാണു ദിവ്യ.