പൃഥ്വിരാജ് ചിത്രമായ എസ്രയിലെ പാട്ടുകളെല്ലാമെത്തി. മൂന്നു ഗാനങ്ങളാണ് ഓഡിയോ ജ്യൂക് ബോക്സിലുള്ളത്. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുകളും പോലെ വേറിട്ട ഗീതങ്ങളാണെല്ലാം.
രാഹുൽ രാജും സുഷിൻ ശ്യാമും ചേർന്നാണ് പാട്ടുകൾക്ക് ഈണമിട്ടത്. രാഹുൽ രാജിന്റെ ലൈലാകമേ എന്ന ഗീതം ഇതിനോടകം പത്തു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. ഹരിചരൺ ആയിരുന്നു ബി.െക ഹരിനാരായണൻ കുറിച്ച ഈ വരികൾ പാടിയത്. ബാക്കി രണ്ടു പാട്ടുകളും സുഷിൻ ശ്യാമിന്റേതാണ്. ഇതിൽ തമ്പിരാൻ എന്ന പാട്ട് അൻവർ അലിയുടേതാണ്. കമ്മട്ടിപ്പാടത്തിനും കിസ്മത്തിനും ശേഷം അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങളിലൊന്നാണിതെന്ന് നിസംശയം പറയാം. വിപിൻ രവീന്ദ്രൻ ആണ് ഈ പാട്ട് പാടിയത്. ലൈലാകമേ എന്ന പാട്ടിനൊരു നവീന ഭംഗിയാണെങ്കിൽ തമ്പിരാൻ മണ്ണിനോടു ചേർന്നു നിൽക്കുന്ന പോലെയാണ്. സച്ചിൻ ബാലുവിന്റേതാണു ആലാപനം. ഇരുളു നീളും രാവേ എന്നതാണ് മൂന്നാമത്തെ പാട്ട്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സച്ചിൻ ബാലുവിന്റേതാണു സ്വരം.
ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാ ആനന്ദ്, ടൊവീനോ തോമസ്, സുജിത് ശങ്കർ, വിജയരാഘവൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. സുജിത് വാസുദേവിന്റേതാണ് ഛായാഗ്രഹണം. പാട്ടുകൾ മികച്ച പ്രേക്ഷക പ്രതികരണമാണു നേടുന്നത്.