സിനിമകളുടെ ലോകത്ത് വീണ്ടുമൊരു നഷ്ടപ്പെടൽ കൂടി. താരങ്ങൾ കടന്നുപോകുമ്പോഴാണ് അവർക്കുള്ളിലെ സാധാരണക്കാരനേയും സുഹൃത്തിനേയുമൊക്കെ നമ്മളറിയുക. റ്റി എ റസാഖിന്റെ കാര്യത്തിലും അതിനു മാറ്റമൊന്നുമില്ല. നേരുള്ള കഥകൾ സിനിമയ്ക്കു നൽകിയ എഴുത്തുകാരൻ കൂട്ടുകാർക്കും പിന്നാലെയെത്തിയവർക്കുമെല്ലാം നല്ലോർമകൾ സമ്മാനിച്ചാണു മടങ്ങുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഫെയ്സ്ബുക്കിൽ വന്ന ചില എഴുത്തുകൾ ആ വിടവാങ്ങൽ എത്രത്തോളം നൊമ്പരമുള്ളതാണെന്നു പറയുന്നു...
റ്റി എ റസാഖിനേയും അനുജൻ റ്റി എ ഷാഹിദിനേയും കുറിച്ചാണു സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്റെ എഴുത്ത്. ഇരുവർക്കും ഒരുപോലെ രസികരായിരുന്നുവെന്നും ജീവിതത്തെ സ്നേഹിച്ചു മരിച്ചവരായിരുന്നുവെന്നുമാണ് ഷഹബാസ് അമൻ പറയുന്നത്.
കോഴിക്കോടിനെ കുറിച്ചൊരു കവിതയെഴുതിയിട്ട് അതു വായിച്ചു കേൾപ്പിക്കുവാൻ റസാഖിനു മുന്നിലെത്തിയ അനുഭവത്തെ കുറിച്ചായിരുന്നു ഗാനരചയിതാവ് മനു മഞ്ജിതിനു പറയാനുണ്ടായിരുന്നത്.
"പാട്ടെഴുത്തിൽ പിച്ച വച്ചു തുടങ്ങുന്ന കാലം... കോഴിക്കോടിനെ കുറിച്ച് ഒരു പാട്ടെഴുതി ഈ പ്രതിഭയെ കേൾപ്പിക്കുന്പോൾ ഉള്ളിൽ വിറക്കുകയായിരുന്നു. കേട്ട് കഴിഞ്ഞ് എന്നെ കുറേ നേരം നോക്കി. "അബദ്ധമായി" എന്ന ചിന്ത എന്റെ ഉള്ളിൽ ബലപ്പെടവേ തീർത്തും അപ്രതീക്ഷിതമായ ഒരു ചോദ്യം " നിനക്കെത്ര വയസ്സായി ?" ഞാൻ വയസ്സു പറഞ്ഞു. ഒന്നു മൂളുക മാത്രം ചെയ്ത് വീണ്ടും ഒരു നോട്ടം. പിന്നെ ഇത്രയേ പറഞ്ഞുള്ളൂ... " നീ എഴുതിക്കോ ട്ടോ.." ആ കാലത്ത് ആ വാക്കുകൾ പകർന്നു തന്ന ധൈര്യം എത്രയെന്ന് പറഞ്ഞറിയിക്കാനറിയില്ല. അത് എന്റെ ബോധത്തിൽ മിടിക്കുവോളം മരിക്കാനാവില്ല സർ അങ്ങേയ്ക്ക്...."മനു മഞ്ജിത് ഫെയ്സ്ബുക്കിൽ കുറിച്ചു.