ഇന്ത്യ കണ്ട ഇതിഹാസ ഗായകനു ഗൂഗിളിന്റെ ആദരം. വിഷാദഗാനങ്ങളുടെ സ്വരമായി ഗായകന്റെ 93ാം പിറന്നാളാണിന്ന്. ഗൂഗിൾ ഇന്ത്യ ഹോം പേജിൽ അദ്ദേഹത്തിന്റെ ചിത്രമുൾപ്പെടുത്തിക്കൊണ്ടായിരുന്നു ഗൂഗിൾ ജന്മദിനാശംസകൾ നേർന്നത്. പുരസ്കാരങ്ങൾ മാത്രമല്ല ജനഹൃദയങ്ങളും കീഴടക്കിയ ഗായകന്റെ പിറന്നാൾ ആഘോഷിക്കുന്നുവെന്നു ട്വീറ്റും ചെയ്തു.
മുകേഷ് ചന്ദ് മതൂർ ആയി ജനിച്ച അദ്ദേഹം മുകേഷ് എന്ന പേരിലാണു അറിയപ്പെട്ടത്. സഹോദരിയുടെ പാട്ടു ക്ലാസുകളാണു മുകേഷിനേയും സംഗീതത്തിലേക്ക് ആകർഷിച്ചത്. സൈഗാളിന്റെ പാട്ടുകൾ സ്വാധീനിച്ച കൗമാരവും മെലോഡിയസ് ആയ സ്വരഭംഗിയും മുകേഷെന്ന ഗായകനെ വാർത്തെടുത്തു. നൗഷാദ് അലിയുടെയും കല്യാണ്‍ജി ആനന്ദ്ജി എന്നിവരുടെയും പ്രിയ ഗായകനായിരുന്നു മുകേഷ്. ഒരു ദേശീയ പുരസ്കാരവും നാലു ഫിലിം ഫെയർ അവാർഡുകളും മുകേഷിനെ തേടിയെക്കിയിട്ടുണ്ട്. ഭജൻസും ഗസലുകളും ശാസ്ത്രീയ സംഗീതവുമായി ചലച്ചിത്ര ഗാനങ്ങൾക്കപ്പുറവും മുകേഷെന്ന ഗായകൻ ശ്രദ്ധേയനായി. 1976 ഓഗസ്റ്റ് 27ലെ വൈകുന്നേരത്തിൽ മകന്‍ നിതിന്‍ മുകേഷിന്റെ കച്ചേരി കേട്ടിരുന്ന നേരത്താണു മരണം മുകേഷിനെ കൊണ്ടുപോയത്.