വൈറലായി അർജുന്റെ ഹൈ ഹീൽ നൃത്തം

ഹൈ ഹീൽ ചെരുപ്പിടുന്നത് പെൺ ശൈലിയാണ്. പെണ്ണിന്റെ കുത്തകയാണെന്നു പറഞ്ഞാലും തെറ്റില്ല. കാരണം ആൺകുട്ടികളിൽ ആരെങ്കിലും അൽപം ഹീലുള്ള ഷൂസോ ചപ്പലോ ഇട്ടുവന്നാൽ നമ്മുടെ നെറ്റിയിൽ അറിയാതെ ചുളിവുവരും. എന്നിട്ടൊരു നോട്ടം നോക്കും. എന്നാൽ അന്തംവിട്ട് കുന്തംവിഴുങ്ങിയുള്ള ആ നോട്ടം ഇനി വേണ്ട. ഇവിടെയൊരു സുന്ദരൻ ചെക്കൻ ഹൈ ഹീൽ ചെരുപ്പിട്ട് തകർപ്പനാക്കിക്കളഞ്ഞു. വെറുതെ നടന്നങ്ങ് പോകുകയല്ല കക്ഷി ചെയ്തത്. ചെരുപ്പിട്ട് അടിച്ചുപൊളി നൃത്തമാണ് അവതരിപ്പിച്ചത്. കണ്ണുതള്ളുന്ന പ്രകടനം. അർജുൻ കപൂറാണ് ആ വീരൻ. കി ആൻഡ് കാ എന്ന ചിത്രത്തിലെ പാട്ട് എന്തായാലും വൈറലായി കഴിഞ്ഞു ഇപ്പോൾ. അമിതാഭ് ബച്ചനും കരീന കപൂറും അഭിനയിക്കുന്ന ചിത്രമാണിത്.

അൽപം കഷ്ടപ്പെട്ടു തന്നെയാണ് അർജുൻ ഈ നൃത്തം അവതരിപ്പിച്ചത്. ഒരാഴ്ച ഹൈ ഹീൽ ചെരുപ്പിട്ട് നടന്നു. ഏഴു മണിക്കൂർ പ്രാക്ടീസ് ചെയ്തിട്ടാണ് പാട്ടിന്റെ ഷൂട്ടിങിനെത്തിയത്. അർജുന്റെ സ്റ്റൈൽ കൺസൾട്ടന്റ് പറഞ്ഞു. അർജുന് ചേരുന്ന ഹൈ ഹീൽ ചെരുപ്പ് ചെയ്ത് വാങ്ങുകയായിരുന്നു. അതും അമേരിക്കയിൽ നിന്ന്. സാധാരണയായി വാങ്ങുന്ന ഹീൽസ് അർജുന് പാകമായിരുന്നില്ല. അതുകൊണ്ടാണ് അമേരിക്കയിൽ നിന്ന് വരുത്തിച്ചത്. അർജുന് തീർത്തും വ്യത്യസ്തമായ ഒരനുഭവം തന്നെയായിരുന്നു അത്. സ്റ്റൈൽ കൺസൾട്ടന്റ് പറഞ്ഞു.

അർജുനും ബുദ്ധിമുട്ടിന്റെ കാര്യം സമ്മതിച്ചു. ഹീൽ അണിഞ്ഞ് നടക്കുന്നതു പോലും അത്ര എളുപ്പമുള്ള കാര്യമല്ല. അപ്പോൾ നൃത്തം ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് പറയേണ്ടതില്ലല്ലോ. സ്ത്രീകളോടുള്ള ബഹുമാനം എനിക്ക് കുറച്ചു കൂടി. ഒരു പുതിയ ഫാഷൻ ട്രെൻഡ് കൂടി ഞാൻ കാരണമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർജുൻ പറഞ്ഞു. ആർ ബാൽകി എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കി ആൻഡ് കാ. ജാസ് ധമിയും അദിതി ശർമയും ചേർന്നാണ് പാട്ട് പാടിയത്. മൻമീത് സിങും ഹർമീത് സിങും ചേർന്നാണ് പാട്ട് ചിട്ടപ്പെടുത്തിയത്. കുമാറിന്റേതാണ് വരികൾ. ഏപ്രിൽ ഒന്നിന് ചിത്രം റിലീസിനെത്തും.