ബിഗ് ബി പാട്ടിന്റെ വലിയ ആരാധകനാണെന്ന കാര്യം നമുക്കറിയാം. പാട്ടിനോട് തന്റെ അച്ഛന് പ്രണയമായിരുന്നു. ആ ജീൻ തന്നെയാണ് തനിക്കും എന്ന് പറഞ്ഞിട്ടുമുണ്ട് അദ്ദേഹം. എന്നാലും സ്വന്തം ശരീരത്ത് ശസ‌്ത്രക്രിയ നടത്തുമ്പോൾ പാട്ടും കേട്ടിരുന്നു അദ്ദേഹമെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ലേ?. സംഗതി സത്യമാണ്. ബച്ചൻ തന്നെയാണ് ഇക്കാര്യം പറഞ്ഞത് വേദനയും വിഷാദവും എന്നു വേണ്ട നമ്മെ നോവിക്കുന്ന ഏതൊന്നിന്റെയും സാമീപ്യമകറ്റാൻ മനോഹരമായ ഗാനത്തിനൊപ്പം ശക്തിയുള്ള മറ്റൊന്നില്ല എന്നു പറയുകയാണ് ബിഗ് ബി.
ബച്ചൻ രണ്ടു ശസ്ത്രക്രിയയ്ക്ക് വിധേയനായപ്പോൾ പോലും കാതിൽ പാട്ടുണ്ടായിരുന്നു. വയറിൽ ചെറു ശസ്ത്രക്രിയകൾ നടത്തിയപ്പോൾ ഹെഡ്ഫോൺ ചെവിയിലുണ്ടായിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ഒച്ചയും ആ പ്രക്രിയയുടെ പിരിമുറുക്കവും പാട്ടുകൾ ഇല്ലാതാക്കി. എഴുപത്തിമൂന്നാം വയസിലും പാട്ടു തന്നൊണ് തന്റെ ജീവിതത്തിൽ പ്രതീക്ഷകൾ നിറയ്ക്കുന്നത് തന്റെ മുന്നോട്ടുള്ള ചിന്തൾക്ക് പ്രചോദനമാകുന്നത്. ആശുപത്രി കിടക്കകളിൽ പിന്നിട്ട രാത്രികളിലും ഐസിയുവിനുള്ള കടുത്ത തണുപ്പിലും തനിക്ക് പാട്ട് തന്ന ആശ്വാസം മറക്കാനാകില്ല. തന്റെ ബ്ലോഗിലാണ് പാട്ടും താനും എത്ര നല്ല ചങ്ങാതികളാണെന്ന കാര്യം അഭിനയത്തിന്റെ കുലപതി എഴുതിയത്.
പുതിയ ടിവി ഷോയുടെ തിരക്കിലാണ് ബച്ചനിപ്പോൾ. ബച്ചന്‍ എഴുതി സംഗീതം ചെയ്ത പാട്ടുകൾ പരിപാടിയിലുൾക്കൊള്ളിച്ചിട്ടുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ ആശ്വാസം തരാൻ സംഗീതം പോലെ ശക്തിയുളള മറ്റൊരു വസ്തു ഭൂമിയിലിലെന്നാണ് ബച്ചന്റെ അഭിപ്രായം.