വാദ്യോപകരണങ്ങളെ പ്രണയിച്ചിട്ടും മരംവെട്ടുകാരനായി ജീവിക്കേണ്ടിവന്ന കഥയാണ് പത്തനംതിട്ട കടമ്പനാട് സ്വദേശി സുരേന്ദ്രന്റേത്. സംഗീത ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഒറ്റമുറിയിൽ പണിയായുധങ്ങൾക്കൊപ്പം ഓർമകളിൽ ജീവിക്കുകയാണ് സുരേന്ദ്രന്‍.
സംഗീതം സ്വപ്നമായിരുന്നിട്ടും ജീവിക്കാനായി ഈർച്ചവാൾ പിടിക്കേണ്ടിവന്നയാൾ. പ്രണയം വാദ്യോപകരണങ്ങളോടായിരുന്നു. എന്നാൽ കയ്യിലവശേഷിച്ചത് ഈർച്ചവാൾ പിടിച്ച തഴമ്പ്.
അവഗണനയും ദാരിദ്ര്യവുമേറിയപ്പോഴാണ് സുരേന്ദ്രൻ മരംവെട്ട് തൊഴിലാളിയായത്. അന്തിയുറക്കം വാടകക്കെടുത്ത ഒറ്റമുറിയിലാണെങ്കിലും അതുനിറയെ സംഗീത ഉപകരണങ്ങളാണ്. നിരാശയിൽ നിന്നാണ് ജീവിതം കൈവിട്ടുപോയത്. ആദ്യമൊക്കെ വാദ്യോപകരണങ്ങൾ വാടകക്കുനൽകുമായിരുന്നു. എന്നാൽകാലത്തിന്റെ മാറ്റത്തിൽ വാദ്യോപകരണങ്ങൾക്ക് പകരക്കാരുണ്ടായതോടെ എല്ലാം നിശബദതയിലാണ്ടു.