ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചുള്ള ഹർജിയിൽ ഗാനരചയിതാവ് വൈരമുത്തുവിനു മദ്രാസ് ഹൈക്കോടതി നോട്ടിസയച്ചു.
ഒരു പൊതുചടങ്ങിൽ പങ്കെടുക്കവേ വൈരമുത്തു ജഡ്ജിമാർക്കെതിരെ പ്രസംഗിച്ചുവെന്നാണു ഹർജിക്കാരനായ മുകുന്ദ്ചന്ദ് ബോത്‌റയുടെ പരാതി. കേന്ദ്രമന്ത്രി പി. ചിദംബരം, ചലച്ചിത്ര താരം രജനീകാന്ത് എന്നിവർ പങ്കെടുത്ത ചടങ്ങിലാണു വൈരമുത്തു വിമർശനം നടത്തിയതെന്നാണ് ആരോപണം. കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുന്നതാണു വൈരമുത്തുവിന്റെ പരാമർശം.
കോടതിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടാൽ അതു നീതിന്യായ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും ഹർജിയിൽ മുകുന്ദ്ചന്ദ് ബോത്‌റ കുറ്റപ്പെടുത്തി. ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ എസ്.കെ. അഗ്നിഹോത്രി, കെ.കെ. ശശിധരൻ എന്നിവരടങ്ങിയ ബെഞ്ച് നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു വൈരമുത്തുവിനു നോട്ടിസയച്ചു.