ഇരുളു നീളും രാവേ...പേടിയും പ്രണയം നിറഞ്ഞ പാട്ടുമായി എസ്ര

രാത്രിയിൽ ഒറ്റയ്ക്കിരുന്ന് ഹെഡ്സെറ്റും വച്ച്  കേട്ടു കേട്ടു രസിച്ച് സ്വപ്നങ്ങളിലേക്കു ചേക്കാറാൻ ഒരു ഗാനം കൂടി. എസ്രയിലെ ഇരുളു നീളും രാവേ എന്ന പാട്ട് ആ അനുഭൂതിയാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. ഏകാന്തതയും പ്രണയവും പേടിയും മനസില്‍ നിറയ്ക്കുന്ന സംഗീതാനുഭവം. സുഷിൻ ശ്യാമിന്റേതാണ് ഈണം. സിനിമയിലെ പ്രണയത്തിന്റെ ആഴവും പ്രമേയത്തിലെ നിഗൂഢതയും നിഴലിക്കുന്ന സംഗീതവും രംഗങ്ങളുമുള്ള പാട്ടിന്റെ വിഡിയോ പുറത്തിറങ്ങി..

വിനായക് ശശികുമാർ എഴുതിയ ഗാനം ആലപിച്ചത് സച്ചിൻ ബാലുവാണ്. പൃഥ്വിരാജും പ്രിയ ആനന്ദുമാണ് രംഗങ്ങളിൽ. പേടിയും പ്രണയവും കരുതലും പ്രതീക്ഷയും കഥാപാത്രങ്ങളുടെ മുഖത്ത് മാറിമാറിയെത്തുമ്പോൾ അതിനെ തനിമ ചോരാതെ ഒപ്പിയെടുത്ത് സുജിത് വാസുദേവ് ഒരുക്കിയ ദൃശ്യങ്ങളാണ് പാട്ടിനെ പ്രേക്ഷകനിലേക്ക് കൂടുതൽ അടുപ്പിക്കുന്ന മറ്റൊരു ഘടകം. വേറിട്ട സംഗീത ദൃശ്യ അനുഭവമാണീ പാട്ട്. 

ജെയ് കെ സംവിധാനം ചെയ്ത എസ്രയിൽ ടൊവീനോ തോമസ്, സുജിത് ശങ്കര്‍, വിജയരാഘവൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുകേഷ് എം മെഹ്ത, സിവി സാരഥി, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് സിനിമ നിർമ്മിച്ചത്. എസ്ര തീയറ്ററുകളിൽ മികച്ച രീതിയിൽ മുന്നേറുകയാണ്.