ജയ്പൂർ മെട്രോ സ്റ്റേഷനിൽ ഫ്ലാഷ് മോബ് കളിച്ച് സിദ്ധാര്‍ഥ് മൽഹോത്രയും കത്രീന കൈഫും. ബാർ ബാർ ദേഖോ എന്ന ചിത്രത്തിന്റെ പ്രചരാണർഥമാണ് ഇരുവരും ചിത്രത്തിലെ ഹിറ്റ് ഗാനമായ കാലാ ചഷ്മയ്ക്കൊപ്പം പാടിയാടിയത്. ഇരുവരുടെയും ഡാൻസും സിദ്ധാർഥ് മൽഹോത്ര ട്വിറ്റർ വഴി പങ്കുവച്ച ദൃശ്യങ്ങളും വൈറലായി.
ഗാനരംഗത്തിൽ സിദ്ധാർഥും കത്രീന കപൂറും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയ ഐറ്റം സോങാണിത്. ആറു കോടിയോളം പ്രാവശ്യമാണ് ഈ ഗാനം യുട്യൂബ് വഴി ആളുകൾ കണ്ടത്. അമ്രിക് സിങും കുമാറും ചേർന്നെഴുതിയ പാട്ടാണിത്. ഇന്ദീപ് ബക്ഷിയും ബാദ്ഷയും നേഹാ കക്കാറും ചേർന്നാണു പാടിയത്. പ്രേം ഹർദീപ് ഈണമിട്ട ഗാനത്തെ ബാദ്ഷയാണ് ബാർ ബാർ ദേഖോയ്ക്കു വേണ്ടി റീക്രിയേറ്റ് ചെയ്തത്.
എന്തായാലും അശ്ലീല രംഗങ്ങളുണ്ടെന്ന കാരണത്താൽ സെൻസർ ബോർഡിന്റെ 'കട്ട്' ഭീഷണി നേരിടുന്ന ചിത്രത്തിനു നല്ല പ്രചാരണം നൽകും ഈ നീക്കമെന്നുറപ്പ്. ചിത്രത്തിനു യു/എ സർട്ടിഫിക്കറ്റാണു സെൻസർ ബോർഡ് നല്‍കിയത്. നിത്യ മെഹ്‍റയാണു ചിത്രത്തിന്റെ സംവിധാനം.