ബാഡ്മിന്റൻ കളി അറിയാമോ എന്നു ചോദിച്ചാൽ കയ്യടിച്ചു കണ്ടിരിക്കാനിഷ്ടമാണെന്നു പറയുന്ന മനു മഞ്ജിത്തിനോട് കേരള റോയൽസ് ബാഡ്മിന്റൻ ലീഗ് ചോദിച്ചു, ഞങ്ങൾക്കു വേണ്ടി ഒരു തീം സോങ് എഴുതാമോ എന്ന്. കുട്ടിക്കാലത്ത് ബാറ്റുപിടിച്ചതിന്റെ തഴമ്പു മാഞ്ഞ കയ്യിൽ പേനയെടുത്തുപിടിച്ച് ഒറ്റ എഴുത്ത്,
‘നാടാകെ പുത്തൻശീലുകൾ ഉണരുന്നേ...
ചേരുന്നേ ഒന്നായ് കേരളമുണരുന്നേ...’
കേരള റോയൽസിന്റെ തീംസോങ്ങിലൂടെ മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിനെ മലയാളികൾ വീണ്ടും കേൾക്കാനൊരുങ്ങുകയാണ്.
ബാഡ്മിന്റനിൽ കവിതയുണ്ടോ എന്നു ചോദിക്കരുത്. എന്തിലും കവിത കണ്ടെത്തുന്നതിലല്ലേ ഇഷ്ടാ കാര്യം എന്നു തിരിച്ചുചോദിച്ച് ഉത്തരം മുട്ടിച്ചുകളയും ഹോമിയോ ഡോക്ടർ കൂടിയായ മനു. സുഷിൻ ശ്യാം ആണ് തീം സോങ്ങിനു സംഗീതമൊരുക്കുന്നത്. ശ്രീനാഥ് ഭാസിയും സുഷിനും ചേർന്നു പാടുന്നു. ആൻമരിയ കലിപ്പിലാണ്, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ‌്‌ലോ, ഒരു മുത്തശ്ശിഗദ തുടങ്ങി സൂപ്പർ ഹിറ്റായി ഓടുന്ന ചിത്രങ്ങളിലെ പാട്ടെഴുത്തും മനു തന്നെ.
ഗിരീഷ് പുത്തഞ്ചേരിയെ ഗുരുവായി കണ്ട് എഴുതിത്തുടങ്ങിയ കൗമാരമാണ് മനുവിന്റേത്. ‘ഒരു രുദ്രവീണ പോലെ നിൻ മൗനം’ എന്ന പേരിൽ പുത്തഞ്ചേരിക്ക് ആദരാഞ്ജലികളുമായി എഴുതിയ കവിത യു ട‍്യൂബിൽ റിലീസ് ചെയ്തുകൊണ്ടാണ് മനു പാട്ടെഴുത്തുരംഗത്തേക്കു കടന്നുവരുന്നത്.