മലയാളത്തിന്റെ യുവനിരയുടെ ചലച്ചിത്ര ലോകത്ത് വസന്തം തീർക്കൊനൊരുങ്ങുകയാണ് വീണ്ടും. ഡാർവിന്റെ പരിണാമവുമായി പൃഥ്വി, ജേക്കബിന്റെ സ്വർഗരാജ്യകത്തിൽ നിവിൻ, കലിയുമായി ദുൽഖർ. ശബ്ദത്തിനു മുന്നേ സഞ്ചരിക്കുന്നത് പ്രകാശം എന്ന പോലെ ചലച്ചിത്രത്തിനേക്കാൾ മുന്നേ നമ്മിലേക്കെത്തുന്നത് അതിലെ പാട്ടുകളാണല്ലോ. ഈ ചിത്രങ്ങളുമെത്തിയിരിക്കുന്നത് ഒരുപിടി നല്ല ഗാനങ്ങളാണ്. കാണാനും കേൾക്കാനും ഒരുപോലെ മൊഞ്ചുള്ള ആ പാട്ടുകളിലേക്ക്.
ചില്ലു റാന്തൽ വിളക്കേ...
ഒരാളുടെ 'കലി' കാണാൻ സ്നേഹത്തോടെ ആകാംഷയോടെ പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി മൂന്ന് ദിവസം കൊണ്ട് ഏഴ് ലക്ഷത്തിലധികം പ്രേക്ഷകരെയാണ് നേടിയെടുത്തത്. കലി എന്ന് ഇപ്പോൾ പറയുമ്പോൾ തന്നെ ആരെക്കുറിച്ചാണെന്ന് ഊഹിക്കാമല്ലോ. ദുൽഖർ സൽമാനും പ്രേമത്തിലൂടെയെത്തിയ സായി പല്ലവിയും അഭിനയിക്കുന്ന സമീർ താഹിർ ചിത്രത്തിലെ രണ്ട് പാട്ടുകളും പ്രണയാർദ്രമാണ്. ചിത്രത്തിന്റെ പേര് കലി, ട്രെയിലറിൽ മുഴുവൻ നായകൻ കലി തുള്ളി നില്‍പും. പക്ഷേ ഗോപീ സുന്ദർ ഈണമിട്ട പാട്ട് മുത്ത് പൊഴിയുന്ന ചിരി പോലെ സുന്ദരം. ജോബ് കുര്യൻ പാടിയ ചില്ലു റാന്തൽ വിളക്കേ എന്ന പാട്ട് നമുക്കുള്ളിൽ കൂടിക്കൂട്ടിക്കഴിഞ്ഞു. ഭാവാർദ്രമായി ജോബ് പാടിയ ഈ പാട്ടിന്റെ വരികൾ ബി കെ ഹരിനാരായണന്റേതാണ്.
ദുബായ്
പ്രവാസ ജീവിതത്തെ കുറിച്ച്, അകലങ്ങളിൽ നിന്ന് സ്വന്തം നാടിനെ കുറിച്ച് എഴുതിയിട്ടുള്ള പാട്ടുകളെല്ലാം മലയാളി എല്ലായിപ്പോഴും നെഞ്ചോട് ചേർത്തിട്ടുണ്ട്. ജേക്കബിന്റെ സ്വർഗരാജ്യത്തിലുമുണ്ട് ആഘോഷങ്ങളുടെ ഭൂമിയായ ദുബായിയെ കുറിച്ച് അവിടത്തെ തെളിവെയിലിനേയും മഞ്ഞുകാലത്തേയും കുറിച്ചൊരു പാട്ട്. ഷാൻ റഹ്മാൻ ഈണമിട്ട പാട്ടിന് വരികളെഴുതിയത് മനു മഞ്ജിതാണ്. പ്രേമത്തിനും ആക്ഷൻ ഹീറോ ബിജുവിനും ശേഷമെത്തുന്ന ഈ നിവിൻ ചിത്രത്തിന്റെ സംവിധായകൻ വിനീത് ശ്രീനിവാസനാണ്. സംതിങ് സ്പെഷ്യൽ....എന്തെങ്കിലുമുണ്ടാകും അതുകൊണ്ട് തന്നെ ചിത്രത്തിൽ എന്നാണ് പ്രേക്ഷകരുടെ ചിന്ത. വിനീത് തന്നെയാണ് ഈ പാട്ട് പാടിയതും.
കാതങ്ങൾ കിനാവിൽ
കുഞ്ഞ് സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു ഇടത്തരക്കാരന്റെയും അവന്റെ നല്ലപാതിയുടെയും കഥപറയുന്ന ചിത്രമാണ് ഡാർവിന്റെ പരിണാമം. പൃഥ്വിരാജ് ചിത്രത്തിലെ പാട്ട് ഇതിനോടകം മനസിൽ സ്ഥാനം പിടിച്ചപ കഴിഞ്ഞു. ചിത്രത്തിലെ കാതങ്ങൾ കിനാവിൽ എന്ന പാട്ട് പാടിയിരിക്കുന്നത് ഹരിചരണാണ്. ഹരിചരണിന്റെ ആലാപന ഭംഗിയും ഈണത്തിന്റെ ചേലും മാത്രമല്ല ഈ പാട്ടിന്റെ പ്രത്യേകത. അതിമനോഹരവും തീർത്തും റിയലിസ്റ്റികുമായ ചിത്രീകരണമാണ് പാട്ടിന്. കെഎൽ10 പത്തിലൂടെ എത്തിയ ചാന്ദിനി നായികയാകുന്ന ചിത്രമാണിത്. ചാന്ദിനിയുടെ കരിയറിലെ ശക്തമായ വേഷം തന്നെയാണിത്. പാട്ടു രംഗത്തിൽ പൃഥ്വിക്കൊപ്പം ചാന്ദിനി തന്റെ റോൾ ഗംഭീരമാക്കിയിട്ടുണ്ടെന്നും പറയണം. ബി കെ ഹരിനാരായണിന്റെ വരികൾക്ക് ശങ്കർ ശർമയാണ് ഈണമിട്ടത്.