ആ പാട്ട് ഒഴിവാക്കിയത് യേശുദാസിനെ വേദനിപ്പിച്ചു: രമേശ് നാരായണൻ

എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ നിന്ന് യേശുദാസ് പാടിയ ഗാനം അവസാനഘട്ടം ഒഴിവാക്കിയത് അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നതായി സംഗീത സംവിധായകൻ രമേശ് നാരായണൻ. പ്രസ്ക്ലബ്ബിന്റെ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതുകാലത്തു നോക്കിയാലും സംഗീതസംവിധായകർക്കു വേണ്ടത്ര അംഗീകാരം സിനിമ കൊടുത്തിട്ടുണ്ടോ എന്നു സംശയമാണെന്ന് രമേശ് നാരായണൻ പറഞ്ഞു. ദേവരാജൻ മാഷിനെയെടുത്താലും ബാബുരാജിന്റെ കാര്യത്തിലായാലും അവർ ജീവിച്ചിരിക്കുമ്പോൾ അവരർഹിക്കുന്ന ആദരം ലഭിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പൃഥ്വിയും വിമലും എന്നെ അപമാനിച്ചു:രമേശ് നാരായണൻ

എന്ന് നിന്റെ മൊയ്തീൻ സിനിമയുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളാണ് സംവിധായകൻ ആർ.എസ്. വിമലിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. സത്യസന്ധത നമ്മുടെ ഇടയിൽ നിന്ന് അകന്നുപോകുന്നു എന്ന തോന്നലുണ്ടാക്കിയ അനുഭവങ്ങളാണുള്ളത്. എന്ന് നിന്റെ മൊയ്തീൻ സിനിമയെക്കുറിച്ച് ആർ.എസ്. വിമലിന് ഒന്നും പറയാൻ അവകാശമില്ല. സത്യസന്ധമായ പ്രണയമാണ് മൊയ്തീന്റെയും കാഞ്ചനമാലയുടെയും. വിമൽ ഡോക്യുമെന്ററി കാണിച്ചപ്പോൾ നന്നായി തോന്നി. ഈ പ്രമേയം വച്ച് സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ഞാൻ അത് നിർമ്മിക്കണമെന്നും പറയുകയുണ്ടായി. എന്നാൽ അമേരിക്കയിലുള്ള എന്റെ സുഹൃത്ത് സുരേഷ് രാജിനെ വിളിച്ച് നിർമ്മിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഡോക്യുമെന്ററി കണ്ടപ്പോൾ അമലിനെ കൊണ്ട് ചെയ്യിക്കണമെന്നാണ് സുരേഷ് ആവശ്യപ്പെട്ടത്. എന്നാൽ ആർ‌.എസ്. വിമലിനെ കൊണ്ട് തന്നെ ചെയ്യിക്കണമെന്ന് നിർബന്ധിക്കുകയായിരുന്നു.

ഈ മഴതൻ വിരലീ പുഴയിൽ

കാസ്റ്റിംഗിന്റെ സന്ദർഭത്തിൽ ആരും വിമലിന് ഡേറ്റ് കൊടുത്തില്ല. നേരത്തെ പൃഥ്വിരാജിനെ സമീപിച്ചപ്പോൾ ഒഴിവാക്കിയിരുന്നു. ആർ.എസ്. വിമലിനെ ആർക്കും അറിയില്ല എന്നതായിരുന്നു കാരണം. പൃഥ്വിരാജിനെ ഞാൻ വിളിച്ചപ്പോൾ ഭാഗ്യത്തിന് ഫോണെടുത്തു. കളമശ്ശേരിയിൽ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് പോയി ഞാനും വിമലും ഡോക്യുമെന്ററി കൊടുക്കുകയും അത് ഇഷ്ടപ്പെടുകയും ചെയ്തു. സ്ക്രിപ്റ്റ് കാണാതെ ഡേറ്റ് തരില്ലെന്ന് നിർബന്ധം പിടിച്ചു. എല്ലാം ശരിയായിട്ടും പിന്നത്തെ പ്രശ്നം സ്ക്രിപ്റ്റായിരുന്നു. സ്ക്രിപ്റ്റ് നീണ്ടുനീണ്ടുപോയി. ഒടുവിൽ സ്ക്രിപ്റ്റ് കാഞ്ചനമാലയെ കാണിച്ചപ്പോൾ ഒരുപാട് തിരുത്തലുകൾ ഉണ്ടായിരുന്നു. പക്ഷേ, അവരോടു നീതിപുലർത്തുന്ന സമീപനമല്ല ഉണ്ടായത്.

ആറ് പാട്ട് റെക്കോർഡ് ചെയ്തിരുന്നു. പൃഥ്വിരാജ് സ്റ്റുഡിയോയിൽ വന്ന് നാലുപാട്ടുകൾ കേൾക്കുകയും ചെയ്തു. സന്തോഷത്തോടെയാണ് ഇറങ്ങിപ്പോയത്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ വിമൽ വിളിച്ചുപറഞ്ഞു പൃഥ്വിരാജിന് ഇഷ്ടപ്പെട്ടില്ല എന്ന്. രമേശ് നാരായണന്റെ പാട്ട് എടുക്കുകയാണെങ്കിൽ പടത്തിൽ അഭിനയിക്കില്ല എന്ന് പ്രഥ്വിരാജ് പറഞ്ഞതായി പിന്നീട് കേട്ടു. നിർമ്മാതാവിന്റെ മകളെക്കൊണ്ട് ഒരുപാട്ട് പാടിക്കണം എന്ന ധാരണയുണ്ടായിരുന്നു. അതും പാലിക്കപ്പെട്ടില്ല. അവസാന നിമിഷം അക്കാര്യത്തിലും ചില ഉരുണ്ടുകളികളുണ്ടായി.

സത്യത്തിൽ വിമലിന് പാട്ടുകളൊന്നും കമ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം. മൂന്നുപാട്ടുകൾ മാത്രം ഉൾപ്പെടുത്തിയപ്പോൾ യേശുദാസിന്റെ പാട്ട് വേണ്ടെന്നുവച്ചതും അമ്പരപ്പിച്ചു. എന്റെ സംഗീതത്തിന് അംഗീകാരം ലഭിച്ച സന്ദർഭത്തിലാണ് ചിലകാര്യങ്ങൾ തുറന്നു പറയണമെന്ന് തോന്നിയത്. അടിസ്ഥാനപരമായി ആ സിനിമയുടെ നിലനിൽപ്പ് കാഞ്ചനച്ചേച്ചിയുടെയും മൊയ്തീന്റെയും നിഷ്കളങ്കമായ പ്രണയത്തിന്റെ കഥയാണ്. അത് മാത്രമാണ് സത്യം.

താഴത്തു കിടന്ന വിമലിനെ മുകളിലെത്തിച്ചത് ഞാനാണ്. ചാനൽ ചർച്ചകളിലൊക്കെ വിമലിന്റെ പ്രകടനം അനാവശ്യമായിപ്പോയി. വിമലിന് സിനിമയിൽ നിന്നും ഇനിയും ഒരുപാട് പഠിക്കാനുണ്ട്. അവാർഡ് ജേത്രികൂടിയായ മകൾ മധുശ്രീയും രമേശ് നാരായണനോടൊപ്പമുണ്ടായിരുന്നു.