അടുത്ത കാലത്തൊന്നും ഒരു ഹിന്ദി പാട്ടും നേടാത്ത കുതിപ്പാണ് ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനം നേടിയത്. കഴിഞ്ഞ മാസം 26ന് യുട്യൂബിലെത്തി രണ്ടു ദിവസം കൊണ്ട് 50 ലക്ഷത്തിലധികം പ്രാവശ്യമാണ് ഗാനം പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴത് രണ്ടര കോടിയോളമെത്തി. കത്രീന കൈഫിന്റെ ഹോട്ട് ലുക്കും നല്ല നൃത്തവും ദൃശ്യമായുള്ള ഗാനത്തിനു സ്വാഭാവികമായും ഇത്രയധികം കാണികളെ കിട്ടും. പക്ഷേ അതു മാത്രമാണോ ഒരു ഈ പാട്ടിനെ ഇത്രയേറെ പ്രശസ്തമാക്കിയത്. അല്ല, എന്ന് നിസംശയം പറയാം. കാരണം കാലാ ചഷ്മ നല്ലൊരു ഗാനം കൂടിയാണ്. നല്ല അവതരണവും. ഒരു നല്ല പാർട്ടി ഡാൻസിനു വേണ്ട എല്ലാ ചേരുവകളും പുതുമയോടെ ചേർത്തുവച്ച ഗാനം. അതിനേക്കാളുപരി ഒരു പഴയ ഗാനം റീക്രിയേറ്റ് ചെയ്യുമ്പോൾ, സമകാലിക ആസ്വാദന ചേരുവകളിൽ ആ പാട്ട് എത്രത്തോളം നീതിപുലർത്തണം എന്നു കൂടിയാണ് കാലാ ചഷ്മ പറഞ്ഞു തരുന്നത്.
പ്രേം ഹർദീപ് ഈണമിട്ട് അമർ അർഷി തന്നെ പാടിയ പഴയ ഗാനമാണിത്. അമ്രിക് സിങും കുമാറും ചേർന്നാണ് വരികളെഴുതിയത്. എന്തിനാണ് ബോളിവുഡിലെ പുതിയ തലമുറ ഇന്നലെകളിലെ ഇത്തരം ഹിറ്റ് ഗാനങ്ങളെ റീക്രിയേറ്റ് ചെയ്യുന്നത്. പുതിയ ആശയങ്ങൾ ഇവർക്കില്ലാത്തതുകൊണ്ടാണോ തുടങ്ങി നിരവധി ആരോപണങ്ങൾ കാലാ ചഷ്മയും നേരിടേണ്ടി വന്നു. ബോളിവുഡില്‍ റീക്രിയേഷൻ എന്ന പരിപാടി സ്ഥിരമായതുകൊണ്ട് അങ്ങനെ പറയുന്നതിലും തെറ്റില്ല. പക്ഷേ ബാദ്ഷയും കൂട്ടരും കാണിച്ചു തന്നത് റീക്രിയേറ്റ് ചെയ്യുമ്പോൾ അതെങ്ങനെയായിരിക്കണം എന്നായിരുന്നു. റാപ് താളത്തില്‍ മികച്ച ഗാനങ്ങൾ സൃഷ്ടിച്ചയാളാണ് ബാദ്ഷാ. അതേ ആവേശവും മികവും ഈ ഗാനത്തിലും ബാദ്ഷയ്ക്കു കൊണ്ടുവരുവാനായി. അമർ അർഷിയും നേഹാ കക്കാറും അടങ്ങുന്ന ഗായക സംഘത്തേയും ഒപ്പം തന്റെ സ്വരവും ബാദ്ഷാ പുതിയ പാട്ടിൽ ചേർത്തു.ബോളിവുഡിലെ റാപ് ഗായകനെന്ന സ്ഥാനത്തേയ്ക്കു ഹണി സിങിനെ കടത്തിവെട്ടി ബാദ്ഷാ കുതിക്കുന്ന കാഴ്ചയും കാലാ ചഷ്മയിൽ കാണുവാനായി.
കത്രീനയുടെ അഴകും പ്രധാന ഘടകം തന്നെ. ഒപ്പം ഡാൻസ് ചെയ്ത സിദ്ധാർഥ് മൽഹോത്രയും അക്കാര്യം സമ്മിതിക്കുന്നു. ഇരുവരും ഒന്നു ചേർന്ന ജോഡികളുടെ കാഴ്ചഭംഗിയും അതിസുന്ദരമാണ്. ഒപ്പം നൃത്തച്ചുവടുകൾ ഇവർക്കു പറഞ്ഞുകൊടുത്ത ബോസ്കോ-സീസർ കൂട്ടികെട്ടിന്റെ ക്രിയാത്മകതയ്ക്കും നൂറു മാർക്കു കൊടുക്കണം.
ഹിന്ദി ഗാനങ്ങളിൽ അധികം കൈവയ്ക്കാതിരുന്ന ബാദ്ഷയെ എന്താണിതിനു പ്രേരിപ്പിച്ചതെന്നറിയില്ല. എങ്കിലും ലഡ്കി കർ ഗേ ചൾ, അഭി തോ പാർട്ടി ഷുരു ഹു ഹേ, ധപ് ചിക് ഹോരി സേ, സാറ്റർഡേ- സാറ്റർഡേ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനിൽ നിന്ന് ബോളിവുഡിനും നമുക്കും ഇനിയുമേറെ പ്രതീക്ഷിക്കാമെന്ന് പറയുകയാണ് കാലാ ചഷ്മ. കത്രീനയുടെ മേനിയഴകു മാത്രമല്ല പാട്ടിനെ പ്രശസ്തമാക്കിയതെന്നു പറയുന്നത് ഇതുകൊണ്ടു കൂടിയാണ്.