കലാകാരൻമാരുടെ നാടായ കോഴിക്കോടിന് കഴിഞ്ഞ സായാഹ്നം നൽകിയത് ഒരു നവ്യാനുഭവമായിരുന്നു. വ്യത്യസ്തമായൊരു സംഗീതാഘോഷത്തിന്റെ നിറവിൽ നാട്ടുകാർ സാഹായ്നം ആഘോഷിച്ചപ്പോൾ ഈ സംഗീത പരിപാടി സംഘടിപ്പിച്ച ജില്ലാഭരണകൂടത്തിന് അഭിമാനിക്കാൻ വകയായി. കടപ്പുറത്ത് ഒരുക്കിയ സംഗീതപരിപാടിയിൽ ട്രിപ്പിൾഡ്രം മുതൽ അടുക്കളപാത്രം വരെയാണ് താളക്കൊഴുപ്പേകിയത്.
കോഴിക്കോട്ടുകാർക്ക് ഇതൊരു പുത്തൻ അനുഭവമായി. വിദേശരാജ്യങ്ങളിൽ സാധാരണമായ ഡ്രം സർക്കിളിന്റെ മാതൃകയിൽ താളമേളം കൊട്ടിക്കയറിയപ്പോൾ, കടപ്പുറത്ത് സായാഹ്നം ചിലവഴിക്കാനെത്തിയവരിൽ പലരും ഒപ്പം കൂടി. വാദ്യോപകരണങ്ങളായി ട്രിപ്പിൾഡ്രം മുതൽ കുപ്പിയും പാത്രങ്ങളും വരെ. ഇടയ്ക്ക് ആശംസയുമായി കൈതപ്രം ദാമോദരൻ നമ്പൂതിരിയും എത്തി.
ചിൽഡ്രസ് ഹോമിലെ കുട്ടികൾക്കായാണ് ജില്ലാഭരണകൂടം വ്യത്യസ്തമായ പരിപാടിയൊരുക്കിയത്. ശേഷം, ബെംഗളൂരുവിൽനിന്നുൾപ്പെടെയെത്തിയ പ്രഫഷണൽ ബാൻഡ് സംഘങ്ങളുടെ ന്യൂജനറേഷൻ ഗാനങ്ങൾ അരങ്ങേറി. ഏറെ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്ത നടപ്പിലാക്കിയ കോഴിക്കോട് കലക്ടർ തന്നെയാണ് ഈ പരിപാടി നടപ്പിലാക്കുന്നതിനുപിന്നിലും മുഖ്യഘടകമായി പ്രവർത്തിച്ചത്. അദ്ദേഹം സോഷ്യൽ മിഡിയയിലൂടെയാണ് പരിപാടിയെക്കുറിച്ച് അറിയിച്ചത്.