അൻപത്തിയെട്ട് വർഷത്തെ സംഗീതസപര്യ പുർത്തിയാക്കിയ ഗായികയാണ് എസ്.ജാനകി. സംഗീതത്തിലും മറ്റുവിഷയങ്ങളിലും അധികം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ജാനകിയമ്മ. പാടിത്തീർത്ത പാട്ടുകൾ മലയാളികൾക്ക് എന്നും നൽകുന്നത് മധുര പതിനേഴിന്റെ ഓർമകളാണ്. ഏറ്റവുമധികം നായിക കഥാപാത്രങ്ങൾക്കായി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മധുര ശബ്ദം ഒരുപക്ഷെ ജാനകിയമ്മയുടേത് മാത്രമായിരിക്കും. മലയാളികളുടെ പ്രിയങ്കരിയായ ജാനകിയമ്മയെക്കുറിച്ചുള്ള പുസ്തകം ’ആലാപനത്തിലെ തേനും വയമ്പും’ മിഡിലീസ്റ്റ് ലോഞ്ച് ദുബായിൽ നടന്നു.
ഗവേഷണ ഗ്രന്ഥത്തിന്റെ മിഡിലീസ്റ്റ് ലോഞ്ച് ദുബായ് ക്രൌൺ പ്ലാസ ദേരൈയിൽ വച്ചാണ് നടന്നത്. സുദീപ്, സിത്താര, ദുർഗ്ഗാ വിശ്വനാഥ് എന്നീ ഗായകരിൽ നിന്നും യു.എ.ഇ യിലെ കവിയും സാഹിത്യകാരനുമായ ഡോ. ഷിഹാബ് എം ഖാനം പുസ്തകം ഏറ്റുവാങ്ങി. ഹിറ്റ്.എഫ് എം കോളേജ് ഫ്രൻസ് കുട്ടായ്മ ഒരുക്കിയ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ മധുരനാരങ്ങ എന്ന ചിത്രത്തിന്റെ നൂറാം ദിന ആഘോഷങ്ങളും നടന്നു. മലയാളിയ്ക്കു മാത്രമല്ല എസ്.ജാനകി, ലോകത്തിനു തന്നെ എസ്.ജാനകിയുടെ ശബ്ദം പ്രിയപ്പെട്ടതാണ്. ഭാഷയ്ക്കു അതീതമായി അവർ ജ്വലിച്ചു നിൽക്കുന്നുവെന്ന് അറബി കവി ഡോ.ഷിഹാബ് ഖാനം അഭിപ്രായപ്പെട്ടു. ചടങ്ങിൽ പുസ്തകരചയിതാവിനെ കോളേജ് ഫ്രണ്ട്സ് ടീം പൊന്നാട നൽകി ആദരിച്ചു.
’ആലാപനത്തിലെ തേനും വയമ്പും’
കടൽ പോലെ പരന്നു കിടക്കുന്നതാണ് എസ്.ജാനകിയമ്മയുടെ പാട്ടുകൾ. അതിൽ നിന്നും കോരിയെടുത്ത ഒരു കൈകുമ്പിൾ ജലം പോലെയാണ് നമ്മുടെ മലയാള സിനിമാഗാനങ്ങൾ. എസ്.ജാനകി പാടിയ 2140 ഗാനങ്ങളുടെ ഗവേഷണവും അവലോകനവും ഉൾപ്പെടുത്തി അഭിലാഷ് പുതുക്കാട് എഴുതിയ പുസ്തകം ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും വലിയ പുസ്തകമെന്ന റെക്കോർഡിന് ഉടമയായേക്കും. ’ആലാപനത്തിലെ തേനും വയമ്പും’ എന്നാണ് പുസ്തകത്തിന്റെ പേര്. എസ്.ജാനകിയെ കുറിച്ച് വേണ്ടത്ര ലേഖനങ്ങളില്ലെന്നുള്ള തിരിച്ചറിവാണ് പുസ്തകമെഴുതാൻ പ്രചോദനമായതെന്ന് അഭിലാഷ് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ പുസ്തകം ഒരുക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങളിലായിരുന്നു അഭിലാഷ്.
പ്രവാസിയായ അഭിലാഷ് ഒരോ വർഷവും നാട്ടിൽ വരുമ്പോൾ ഒരോ സംഗീതസംവിധായകരുടെയും ഗാനരചയിതാക്കളുടെയും ഒപ്പം പ്രവർത്തിച്ചവരുടെയും അരികിൽ ചെന്ന് അവരിൽ നിന്ന് നേരിട്ട് പാട്ടനുഭവങ്ങൾ പകർത്തിയെടുക്കുകയായിരുന്നു. നാട്ടിൽ ഇല്ലാത്തപ്പോൾ ഫോണിൽ ബന്ധപ്പെട്ട് ശേഖരിക്കാൻ കഴിയുന്ന വിവരങ്ങൾ ശേഖരിച്ചു. ജാനകിയമ്മയുടെ അനുഭവങ്ങൾ ശേഖരിക്കുന്നതിനൊപ്പം ശ്രീകുമാരൻ തമ്പി, എം.കെ.അർജ്ജുനൻ, ജോൺസൺ, പൂവച്ചൽ ഖാദർ, ദർശൻ രാമൻ, ബിച്ചു തിരുമല, ശ്യാം, വിദ്യാധരൻ മാഷ്, ഒ.എൻ.വി.കുറുപ്പ്, സുഗതകുമാരി, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, കാവാലം നാരയണപണിക്കർ, ദേവദാസ്, മിന്മിനി, ശാരദ, ജെൻസി, ചിത്ര, സുജാത, ലതിക, പി.ജയചന്ദ്രൻ, കെ.ജെ.ജോയ്,ചുനക്കര രാമൻ കുട്ടി, ജോൺപോൾ, ബേണി–ഇഗ്നേഷ്യസ്, പി.ആർ.മുരളി, ആർ.കെ.ദാമോദരൻ, ജെറി അമൽദേവ്, യൂസഫലി കേച്ചേരി, ദക്ഷിണാമൂർത്തി സ്വാമി, എസ്.ബാലകൃഷ്ണൻ, ബി.വസന്ത, വാണിജയറാം, അമ്പിളി എന്നിങ്ങനെ നിരവധിപേർ അവരുടെ അനുഭവങ്ങൾ, ജാനകിയമ്മയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവ കൂടി സംഭാവന ചെയ്തപ്പോൾ പുസ്തകം കൂടുതൽ ഗൗരവതരമായെന്നും അഭിലാഷ് പറയുന്നു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.