സിനിമാ താരങ്ങളെ കടത്തിവെട്ടി സമൂഹമാധ്യമങ്ങളിൽ മുന്നേറുകയാണ് പാട്ടുകാർ. ട്വിറ്ററിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ളത് ഒരു പാട്ടുകാരിക്കാണ്. കാത്തി പെറി. ഒമ്പതു കോടിയിലധികം ആളുകളാണു കാത്തിയെ ഫോളോ ചെയ്യുന്നത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ ഗായികമാർ തമ്മിലൊരു മത്സരം തന്നെ നടക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽഏറ്റവുമധികം പേർ ഇഷ്ടപ്പെട്ട ഫോട്ടോയെന്ന ഖ്യാതിയും ഏറ്റവുമധികം ഫോളോവേഴ്സുള്ള അക്കൗണ്ടും ഒരേ ഗായികയ്ക്കാണ്. സെലീന ഗോമസ്. 40 ലക്ഷം പേരാണു സെലീന ശീതള പാനീയം കുടിച്ചു നിൽക്കുന്ന ഈ ചിത്രത്തിന് ലൈക്ക് അടിച്ചത്. ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്സുള്ളതും സെലീനയ്ക്കു തന്നെ. 8.92 കോടി പേരാണു സേലീനയ്ക്കു പിന്നാലെയുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടെയ്‍ലർ സ്വിഫ്റ്റിന് 8.56 കോടി ഫോളോവേഴ്സ് ആണുള്ളത്. 7.46 കോടിയിലധികം ഫോളോവേഴ്സുമായി ഗായകൻ ജസ്റ്റിൻ ബീബറാണു മൂന്നാം സ്ഥാനത്ത്.
ഒരിക്കലും ഫോളോവേഴ്സിനെ കൂട്ടണം എന്ന ആഗ്രഹത്തോടെ ഇൻസ്റ്റാഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടില്ല. ജീവിതത്തിലെ നല്ല നിമിഷങ്ങളെ ആളുകളുമായി പങ്കുവയ്ക്കണം എന്നൊരു ആഗ്രഹം മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ പൂർണമായും ഇഷ്ടപ്പെട്ട ചിത്രങ്ങൾ മാത്രമാണു പോസ്റ്റ് ചെയ്തതെന്നത് എന്നായിരുന്നു ഇക്കാര്യത്തിൽ സെലീനയുടെ പ്രതികരണം. കാനഡയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിലിരിക്കുന്ന ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഫോട്ടോകൾ പങ്കുവച്ചു ലോകത്തോടു സംവദിക്കുന്ന മാധ്യമത്തിൽ സെലീന താരമായതു ചർച്ചയായിരിക്കുകയാണ്. കാരണം, മറ്റു താരങ്ങളെ പോലെ മാർക്കറ്റിങ് ടീമിനെ വച്ചല്ല സെലീന തന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.