സൂഫി സംഗീതത്തിന്‍റെ വഴിയില്‍ മനസ് തുറക്കുകയാണ് മലയാളത്തിന്‍റെ പ്രിയ ഗസല്‍ ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍. ഡല്‍ഹിയില്‍ സൂഫി സംഗീതം കൊണ്ട് നിറച്ച ഒരു രാവിനു ശേഷം ഷഹബാസ് അമന്‍ മനോരമയോട് പുതിയ വിശേഷങ്ങള്‍ പങ്കുവച്ചു. കണ്ണടച്ച് ഷഹബാസ് അമന്‍ പാടിക്കയറുന്നത് ആസ്വാദകരുടെ ഹൃദയങ്ങളിലേക്കാണ്.
കണ്ടു പരിചയിച്ച ജീവിത സാഹചര്യങ്ങളില്‍ നിന്നും പുതിയൊരു പാട്ടു വഴി കണ്ടെത്തിയതാണ് ഷഹബാസിനെ നമുക്ക് പ്രിയങ്കരനാക്കിയത്. ഗാന രചനയും സംഗീത സംവിധാനവും ഗസലുകളും ഒപ്പം സൂഫി സംഗീതവുമായി ഷഹബാസ് അമന്‍. സൂഫി സംഗീതത്തെ മലയാളത്തില്‍ സന്നിവേശിപ്പിച്ച് ഷഹബാസ് അമന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ തുടരുകയാണ്. ഇസ്തിരിട്ട് ചുളുക്കു തീര്‍ത്ത ശബ്ദങ്ങളില്‍ നിന്നും ഷഹബാസ് അമന്‍റെ വേദന നിറഞ്ഞ ഇടറിച്ച ശബ്ദം സൂഫി ഗീതങ്ങളിലും ഗസലുകളിലും കൂടുതല്‍ തീക്ഷ്ണമായി.
സംഗീതത്തിന്‍റെ വഴി ഷഹബാസ് അമന്‍ തിരിച്ചറിഞ്ഞതും വ്യത്യസ്തമായി തന്നെ കേരളത്തിനകത്തും പുറത്തും തനിക്ക് ആസ്വാദകരുണ്ടെങ്കിലും സൂഫി സംഗീതത്തിന്‍റെ സൗന്ദര്യം ഇനിയും തിരിച്ചറിയാനുണ്ട്. കേരളത്തിലും സൂഫി സംഗീതത്തിന് വേരുകളുണ്ടെന്ന് ഷഹബാസ് അമന്‍ ഓര്‍മിക്കുന്നു മലപ്പുറത്തിന്‍റെ നാട്ടുവഴികളില്‍ നിന്ന് ഷഹബാസ് അമന്‍ പെറുക്കിയെടുത്ത ഗസല്‍ ഇശലുകളും സൂഫി ഗീതങ്ങളും തീര്‍ക്കുന്ന പുതിയ അനുഭവങ്ങള്‍ക്കായി ആസ്വാദരും കാത്തിരിക്കുകയാണ്.