ടെയ്‌ലർ സ്വിഫ്റ്റിന്റെ ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗ്ലോബൽ ഹിറ്റ് ഗാനത്തിന്റെ വരികൾ കട്ടെടുത്തതാണെന്ന അവകാശവാദവുമായി അമേരിക്കൻ ആർ ആൻഡ് ബി ആർട്ടിസ്റ്റ് ജെസ്സ് ഗ്രഹാം. 2013ൽ ഗ്രഹാം എഴുതിയ ഹേറ്റേഴ്സ് ഗോൺ ഹേറ്റ് എന്ന ഗാനത്തിന്റെ വരികളാണ് സ്വിഫ്റ്റ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയ ഷെയ്ക് ഇറ്റ് ഓഫിൽ ഉപയോഗിച്ചിരിക്കുന്നതെന്നാണ് വാദം. താൻ ആ വരികൾ എഴുതിയില്ലായിരുന്നുവെങ്കിൽ ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗാനം പിറക്കില്ലായിരുന്നുവെന്നും ഗ്രഹാം പറയുന്നു. വരികളിലെ ഓരോ സാമ്യതയും ചൂണ്ടിക്കാണിച്ചാണ് ഗ്രഹാം സ്വിഫ്റ്റിന്റെ മേൽ നടപടിക്ക് ഒരുങ്ങുന്നത്.
യൂട്യൂബിൽ 100 കോടിയിലധികം ആളുകളാണ് ഷെയ്ക് ഇറ്റ് ഓഫ് എന്ന ഗാനം കേട്ടതെങ്കിൽ ഗ്രഹാമിന്റെ ഹേറ്റേഴ്സ് ഗോൺ ഹേറ്റ് കേട്ടത് രണ്ട് ലക്ഷത്തിൽപ്പരം ആളുകളാണ്.
അമേരിക്കൻ കൺട്രി സംഗീതത്തിൽ പകരം വെയ്ക്കാനില്ലാത്ത വ്യക്തിത്വമാണ് ടെയ്‌ലർ ആലിസൺ സ്വിഫ്റ്റ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ കൺട്രി സംഗീതത്തിലെ പ്രഗത്ഭരുടെ പട്ടികയിൽ ഇടം പിടിച്ചു സ്വിഫ്റ്റ്. 2006 ൽ സ്വിഫ്റ്റ് പുറത്തിറക്കിയ ആദ്യഗാനമായ ടിം മക്ഗ്രോ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചതോടെയാണ് സ്വിഫ്റ്റ് പ്രശസ്തയാവുന്നത്. തുടർന്ന് ടിം മക്ഗ്രോ അടങ്ങിയ സ്വന്തം പേരുള്ള ആൽബം താരം പുറത്തിറക്കി.
സൂപ്പർ ഹിറ്റായ ആദ്യ ആൽബത്തിന് ശേഷം ഫിയർലെസ്സ്(2008), സ്പീക്ക് നൗ(2010), റെഡ് (2012) എന്നീ ആൽബങ്ങൾ പുറത്തിറക്കി. കൺട്രി സംഗീതത്തിൽ നിന്ന് പോപ്പ് സംഗീത്തിലേയ്ക്കുള്ള സ്വിഫ്റ്റിന്റെ മാറ്റമാണ് ഏറ്റവും പുതിയ ആൽബം 1989. അമേരിക്കൻ സംഗീത ലോകത്തെ മിന്നും താരമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ച ഈ ഇരുപത്തിയഞ്ചുകാരി, ഏഴ് ഗ്രാമി പുരസ്കാരങ്ങൾ, ഇരുപത്തിയൊന്ന് ബിൽബോർഡ് പുരസ്കാരങ്ങൾ, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങൾ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.